കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. നമ്മള് ഏറ്റവും കുറവ് ചെയ്യുന്നതാണ് നമ്മളോട് തന്നെ സംസാരിക്കുകയെന്നത്. എപ്പോഴും മറ്റുള്ളവരോടാണ് നമ്മള് സംസാരിക്കുക. ആരുമില്ലെങ്കില്‍ ഫോണില്‍ നോക്കിയിരിക്കും.
കക്കൂസില്‍ പോകുമ്പോള്‍ പോലും മിക്കവരുടെയും കൈയില്‍ ഫോണുണ്ടാകും. ഇതൊന്നുമില്ലാതെ നമ്മള് മാത്രമായിട്ടിരിക്കുന്ന സമയമില്ല.
ഫോഴ്സ്ഡ് ആയിട്ടാണെങ്കിലും എനിക്ക് അന്ന് അതിനുള്ള സമയമാണ് കിട്ടിയത്. തുടക്കത്തിലെ കുറച്ച് മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്.
പെയിന്‍കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു. ബെസ്റ്റാന്ററായി എന്റെ ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. കുഴപ്പമില്ലെന്ന് ചേട്ടന് പറയുമായിരുന്നു.
പക്ഷെ നമ്മളും ബൈസ്റ്റാന്റര്‍ ആയി നിന്നിട്ടുള്ളതല്ലേ, ബൈ സ്റ്റാന്റര്‍ രോഗിയോട് പറയുന്നതെല്ലാം സത്യമായിരിക്കണം എന്നില്ലല്ലോ.
അന്ന് എന്റെ കുഞ്ഞിന് ആറു മാസമേ പ്രായമായിരുന്നുള്ളൂ. ചാകാന്‍ പേടിയില്ല, പക്ഷെ ഇത്തിരി നേരത്തെ ആയിപ്പോയോ എന്നൊക്കെ അപ്പോള്‍ ചിന്തിച്ചിരുന്നു. -ടൊവിനോ തോമസ്