കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എൽസിയടക്കമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്ന്.
നിയമന മാനദണ്ഡത്തിൽ മാറ്റം വരുത്താൻ എംപ്ലോയീസ് അസോസിയേഷൻ ഇടപെട്ടിരുന്നു. താഴേ തസ്തികയിലുള്ളവരുടെ രണ്ടു ശതമാനം സ്ഥാനക്കയറ്റം നാല് ശതമാനമാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സർവകലാശാല വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്ത് എൽസിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും സർവകലാശാല അന്വേഷിക്കും.
2010ൽ ജോലിയിൽ കയറി ശേഷം ആറു വർഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി. എംജി സർവകലാശാലയുടെ റഗുലർ ബിരുദം നേടിയത് എങ്ങനെയെന്നതടക്കം അന്വേഷിക്കും. ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിനിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ എൽസി പിടിയിലായത്.
സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എംബിഎ വിദ്യാർഥിനിയിൽ നിന്നും എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 1.25 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു.
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയിലായതോടെ യൂണിവേഴ്സിറ്റിക്കുള്ളിൽ പിടിമുറുക്കിയിരിക്കുന്ന വിദ്യാർഥി – ഉദ്യോഗസ്ഥ സംഘത്തെപ്പറ്റിയുള്ള കഥകൾ അന്തരീക്ഷത്തിൽ പരക്കാൻ തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം ചില കഥകൾക്ക് ജീവൻ വയ്ക്കുമെന്നാണ് സൂചന.
യഥാസമയം പരീക്ഷകൾ നടത്താതിരിക്കുക, നടത്തിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം അനിശ്ചിതമായി നീട്ടുക, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാതിരിക്കുക തുടങ്ങിയവയൊക്കെ എം ജി യൂണിവേഴ്സിറ്റിയിൽ സ്ഥിരം സംഭവമാണ്.
ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകൾ നഷ്ടപ്പെട്ട വിദ്യാർഥികൾ അസംഖ്യമാണ്.
സാധാരണഗതിയിൽ അപേക്ഷിച്ചാൽ പരമാവധി മൂന്ന് മാസം കൊണ്ടും അധിക തുകയടച്ച് ഫാസ്റ്റ് ട്രാക്കിൽ അപേക്ഷിച്ചാൽ ഒരു മാസം കൊണ്ടും ലഭിക്കേണ്ട ഡിഗ്രി സർട്ടിഫിക്കറ്റുകൾ മാസങ്ങൾ കയറിയിറങ്ങിയാലും ലഭിക്കാത്ത ഗതികേടിലാണ് വിദ്യാർഥികൾ.
ഇവിടെയാണ് കൈക്കൂലിയുടെ സാധ്യത.ഇപ്പോൾ തന്നെ ആറാം സെമസ്റ്ററിൽ പഠിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്.
ഇവരുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. ഈ കുട്ടികളുടെ ആറാം സെമസ്റ്റർ പരീക്ഷക്ക് രണ്ടു മാസം കൂടിയേ ഉള്ളു. മറ്റ് സംസ്ഥാനങ്ങളിലെയോ വിദേശത്തെയോ സർവകലാശാലകളിൽ ഉപരി പഠനത്തിന് ചേരേണ്ടത് അടുത്ത നാലു മാസത്തിനുള്ളിലാണ്.
ഇതിനുള്ളിൽ ഇവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ നൂറു കണക്കിന് വിദ്യാർഥികൾക്ക് ഈ വർഷത്തെ അവസരം നഷ്ടപ്പെടുകയായിരിക്കും ഫലം.
യൂണിവേഴ്സിസിറ്റിയെ പിടിച്ചുകുലുക്കുന്ന വിവാദങ്ങൾ തുടർച്ചയായുണ്ടാകുന്പോഴും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ഭാവത്തിലാണ് അധികൃതർ.
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്ന് ഒരു ഗവേഷണ വിദ്യാർത്ഥിനി പരാതിപ്പെട്ടിട്ടും നടപടിക്ക് തയ്യാറാകാതിരുന്ന അധികൃതർ പ്രതിഷേധം കൈവിട്ടുപോകുന്നുവെന്ന് കണ്ടപ്പോഴാണ് നടപടിക്ക് തയ്യാറായത്.