അടൂര്‍ ആദ്യരാത്രിയില്‍ വധുഗൃഹത്തില്‍ നിന്നു സ്വര്‍ണവും പണവുമായി മുങ്ങിയ നവവരനെ തേടി പോലീസ്. കായംകുളം സ്വദേശി തെക്കേടത്ത് അസറുദ്ദീന് റഷീദിനെതിരെയാണ് അടൂര്‍ പോലീസില്‍ പരാതി ലഭിച്ചത്.
പഴകുളം സ്വദേശിനിയുമായാണ് അസറുദ്ദീന്റെ വിവാഹം കഴിഞ്ഞ ജനുവരി മുപ്പതിനു നടന്നത്. വിവാഹശേഷം വധുവരന്മാര് വധുഗൃഹതത്തിലെത്തി.
ആദ്യരാത്രിയില്‍ പുലര്‍ച്ചെ മൂന്നോടെ സുഹൃത്തിന് അപകടം സംഭവിച്ചുവെന്നും മെഡിക്കല്‍ കോളജിലേക്കു പോകണമെന്നും പറഞ്ഞ് അസറുദ്ദീന് വീട്ടില്‍ കിടന്ന ജീപ്പില്‍ പുറപ്പെട്ടു.
യാത്രയെ വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ആത്മാര്‍ഥ സുഹൃത്താണെന്നും പോയേ മതിയാകൂവെന്ന് നിര്‍ബന്ധിച്ച് ജീപ്പില്‍ പുറപ്പെടുകയായിരുന്നു.
രാവിലെ വരെ ഫോണില്‍ ലഭിച്ചുവെങ്കിലും പിന്നീട് സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് പതിനഞ്ചു പവനോളം സ്വര്‍ണാഭരണങ്ങളും മുന്നു ലക്ഷം രുപയോളവും നഷ്ടപ്പെട്ടതായി മനസിലായത്.
അസറുദ്ദീന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിവുണ്ടായില്ല. അവരും വധുവിന്റെ വീട്ടിലെത്തി. ചതി മനസിലായ വധുവിന്റെ പിതാവ് ഇന്നലെ അടൂര്‍ പോലീസില്‍ പരാതി നല്കി.
അന്വേഷണത്തില്‍ ഇയാള്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ യുവതിയെ നേരത്തെ വിവാഹം ചെയ്തിരുന്നതായി മനസിലായി. ഇക്കാര്യം അസറുദ്ദീന്റെ വീട്ടിലും അറിവില്ലായിരുന്നു. പോലീസ് ഇന്ന് വധുവിന്റെയടക്കം മൊഴി രേഖപ്പെടുത്തും.