കൊച്ചി: കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 31 ദിവസത്തിനിടെ 6,595 മരണങ്ങളാണ് കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം കോവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ പട്ടികയില്‍ ആരോഗ്യവകുപ്പ് 1,127 മരണങ്ങളാണ് കഴിഞ്ഞ മാസം കാണിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയതോടെ ചേര്‍ത്തിട്ടുള്ളവയാണ്.
രാജ്യത്താകെ മരണം നാലായിരത്തില്‍ താഴെമാത്രം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ കണക്കുകള്‍ കുത്തനെ ഉയര്‍ന്നത്.മരണ നിരക്ക് വര്‍ധിച്ചതോടെ പ്രതിദിന കണക്കില്‍ ഇവ രേഖപ്പെടുത്തുന്ന രീതിയിലും ആരോഗ്യവകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്.
അതാത് ദിവസം സ്ഥിരീകരിക്കുന്ന മരണങ്ങളും മുന്‍ ദിവസങ്ങളിലെ മരണങ്ങളും രണ്ടായാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ടു തരംഗങ്ങളിലും കോവിഡ് ബാധിച്ച് വീട്ടില്ക്കഴിഞ്ഞ ആളുകള്‍ ചികില്‍സ തേടാന്‍ വൈകിയത് മരണത്തിന് കാരണമായി കണ്ടെത്തിയിരുന്നു.
ഇക്കുറി രോഗവ്യാപനം വര്‍ധിച്ചിട്ടും കാര്യമായ പരിശോധനകളും നടക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. കോവിഡിനൊപ്പം വൈറല്‍പ്പനിയും പടര്‍ന്നു പിടിക്കുന്നതിനാല്‍ പലരും സ്വയം ചികിത്സയ്ക്ക് വിധേയമാകുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ക്വാറന്റൈന് സംവിധാനത്തിലേര്പ്പെടുത്തിയ പരിഷ്കാരങ്ങളിലും അപാകതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിനൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പനികളും വെറും ജലദോഷപ്പനിയായി അവസാനിക്കില്ലെന്ന സൂചനയാണ് സമീപ ദിവസങ്ങളിലെ മരണനിരക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 7120 പേരാണ് മരണപ്പെട്ടത്. എറണാകുളമാണ് തൊട്ടുപിന്നില്‍. 6332 മരണം.
കഴിഞ്ഞ മാസം 31 ദിവസത്തിനിടെ 7,78,492 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 31 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ രോഗികളായത് 60,25,669, ആക്ടീവ് കേസുകള്‍ 3,57,562(5.94 ശതമാനം), രോഗമുക്തി നേടിയത് 56,12,993(93.15 ശതമാനം), മരണം 54,395(0.9 ശതമാനം).