ഹരുണി സുരേഷ്
വൈപ്പിന്‍: കോവിഡ് മൂന്നാം തരംഗത്തില്‍ സി കാറ്റഗറിയില്‍ പെടുന്ന ജില്ലകളില്‍ സിനിമാ തീയറ്ററുകള്‍ക്കു പൂട്ട് വീണതോതോടെ പുതിയ മലയാള സിനിമാ റിലീസുകള്‍ അനിശ്ചിതത്വത്തില്‍. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ തിയറ്ററുകള്‍ അടുത്തവാരം മുതല്‍ അടച്ചിട്ടേക്കും.
സി കാറ്റഗറിയില്‍ മാളുകളും ബാറുകളും ഉള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സിനിമാ ശാലകള്‍ മാത്രം അടച്ചിടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സിനിമാ ശാലകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിനിമാശാലകളുടെ വാദം അംഗീകരിച്ചാല്‍ പ്രതിസന്ധി അയയുകയും പുതിയ റീലീസുകള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് സൂചന.
ഇപ്പോള്‍ സിനിമാ ശാലകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ഹൃദയം സിനിമ അടുത്തയാഴ്ച ഒടിടി ഫ്ളാറ്റ് ഫോമിലേക്ക് പോയാല്‍ തീയറ്ററുകള്‍ക്ക് താഴുവീഴാനാണ് സാധ്യത.
ഇതിനിടയില്‍ നാളെ കര്ണ്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന ഒരു ചെറിയ സിനിമ റീലീസ് ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് പറഞ്ഞിട്ടുള്ളത്.
കോടതി ഹര്‍ജി തള്ളിയാല്‍ ഇതിന്റെ റിലീസ് നീട്ടും. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് , മമ്മൂട്ടിയുടെ പുഴു തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം സിനിമകളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.
ഇതില്‍ സല്യൂട്ട് ജനുവരി ആദ്യവാരം റിലീസ് പറഞ്ഞിരുന്നതാണെങ്കിലും പിന്നീട് മാറ്റിവച്ചു. പുഴു ഫെബ്രുവരിയിലാണ് റിലീസ് പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതെല്ലാം ഒടിടിയിലേക്ക് പോകാനാണ് സാധ്യത.
ഇതിനിടെ തമിഴ് താരം അജിത്തിന്റെ വലിമൈ എന്ന സിനിമയുടെ റീലീസ് 24നെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 13നു റീലീസ് പറഞ്ഞിരുന്നതാണ് ഈ സിനിമ.