കണ്ണൂർ: ഗൾഫിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായി യുവതിയുടെ പരാതി.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് കാങ്കോൽ ആലക്കാട് സ്വദേശി രജീഷിനെതിരെ പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയും അഞ്ച് പവന്റെ സ്വർണാഭരണങ്ങളും രജീഷ് തട്ടിയെടുക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
2021 ഒക്ടോബറിലാണ് യുവതി രജീഷുമായി യുവതി പരിചയത്തിലാവുന്നത്. ഷാർജയിൽ യുവതിയുടെ ഫ്ലാറ്റിന് സമീപമാണ് രജീഷ് താമസിച്ചിരുന്നത്.
വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പറയുകയും പിന്നീട് പലപ്പോഴായി സമ്മതമില്ലാതെ ശരീരികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.
രജീഷ് നാട്ടിലുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നാട്ടിലെത്തിയപ്പോഴാണ് രജീഷിന് ഭാര്യയും കുട്ടിയുമുള്ളതായി അറിഞ്ഞതെന്നും യുവതി പറഞ്ഞു.
ഗൾഫിൽ വച്ച് രജീഷിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും അത് ചോദ്യം ചെയ്തപ്പോൾ തന്നെ രജീഷ് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചപ്പോൾ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പത്ത് ദിവസത്തിൽ കൂടുതൽ ലീവെടുത്തത് കൊണ്ട് തന്റെ ഗൾഫിലെ ജോലി പോയെന്നും ഫ്ലാറ്റിൽ വന്ന് ബഹളം വെച്ചതോടെ ഫ്ലാറ്റിന്റെ ലൈസൻസ് പോയെന്നും യുവതി പറഞ്ഞു.
സംഭവം പോലീസിലറിയിച്ചതോടെ ഈ മാസം 3 ന് രജീഷ് കണ്ണൂരിലേക്ക് കടക്കുകയായിരുന്നു. 11 നാണ്ഷാർജയിൽ നിന്ന് യുവതി കണ്ണൂരിലെത്തിയത്.
പെരിങ്ങോം സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും തുടർന്ന് പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നെന്നും എഫ്ഐആർ എഴുതി ആറ് ദിവസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിച്ചു.