സ്വന്തം ലേഖകന്‍
കോഴിക്കോട്:വലിയ വിമാസ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴും സ്വര്‍ണക്കടത്തുസംഘങ്ങള്‍ ഇപ്പോഴും കരിപ്പൂര്‍വഴി അടിപൊളിയായി പറന്നിറങ്ങുന്നു.
കരിപ്പൂരില്‍ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡില്‍ യാത്രക്കാരില്‍നിന്നു പിടിച്ചെടുത്തത് 23.6 കിലോ സ്വര്‍ണമാണ്. ഓപ്പറേഷന് ഡസേര്‍ട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് പരിശോധന നടത്തിയത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റു കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ടു വാഹനങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തു. വന്‍ കടത്തുസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കോവിഡ് കാലത്ത് ഉദ്യോഗസ്ഥക്ഷാമം മറയാക്കിയാണ് സ്വര്ണകടത്തുസംഘത്തിന് സാധാരണയാത്രക്കാര്‍ പോലും ഇറങ്ങിപ്പുറപ്പെടുന്നത്. കാരിയര്‍മാരായി സ്ത്രീകള്‍ ഉള്‍പ്പെടെ രംഗത്തെത്തുമ്പോള്‍ മിന്നല്‍ റെയ്ഡിലൂടെ മാത്രമേ ഇവരെ കുടുക്കാനാകൂ എന്നാണ് കസ്റ്റംസ് പറയുന്നത്.
കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ എസ്.വസന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന് ഡസേര്‍ട്ട് സ്റ്റോം. സമീപകാലത്തായി സ്വര്‍ണക്കടത്തുസംഘം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്.
കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണകടത്തുകാരെ കാത്ത് വട്ടമിട്ടു പറക്കുമ്പോള്‍ സംസ്ഥാന പോലീസില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തത് വളരെ കുറഞ്ഞ കേസുകള്‍ മാത്രമാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന ആളുകളും വാഹനങ്ങളും കര്‍ശനമായ പരിശോധനക്കും വിധേയമാക്കുന്നുണ്ട്. എങ്കിലും സ്വര്‍ണക്കടത്ത് കേസുകള്‍ കേന്ദ്ര ഏജന്‍സികളാണ് കൂടുതലായും പിടികൂടുന്നത്.
വിമാനത്താവളത്തിനുള്ളില്‍ കയറി പരിശോധിക്കുന്നതിന് അധികാരമില്ലാത്തതാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്നതാണ് പോലീസിന്റെ വിശദീകരണം.
അതേസമയം, കസ്റ്റംസ്, ഡിആര്‍ഐ സംഘങ്ങള്‍ കള്ളക്കടത്ത് സംഘത്തെ വിമാനത്താവളത്തിനു പുറത്തുവച്ചും പിടികൂടുന്നുണ്ട്. പോലീസ് കൂടുതല്‍ ശക്തമായി ഇടപെട്ടാല്‍ കൂടുതല്‍ സംഘത്തെ വലയിലാക്കാമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയിലും മിന്നല്‍ പരിശോധനയിലൂടെ സ്വര്‍ണം പിടിക്കാന്‍ കസ്റ്റംസിന് കഴിയുന്നുണ്ട്.