ന്യൂഡൽഹി: ഒത്തുകളിയിലൂടെ ടയർവില ഉയർത്തി ലാഭം കൊയ്ത ആറു ടയർ കന്പനികൾക്ക് 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.
അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (425.53 കോടി), എംആർഎഫ് ലിമിറ്റഡ് (622.09 കോടി), സിയറ്റ് ലിമിറ്റഡ് (252.16 കോടി), ജെകെ ടയർ (309.95 കോടി), ബിർള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇതിനുപുറമേ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ആരോപണവിധേയരായ ടയർ കന്പനികളിൽനിന്ന് വിലവിവരങ്ങൾ ശേഖരിക്കുന്നതിൽ വിമുഖത കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനു പിഴ ചുമത്തിയത്.
2011-2012 കാലത്ത് കോംപറ്റീഷൻ നിയമത്തിന്റെ മൂന്നാം വകുപ്പ് ലംഘിച്ചു എന്നതിന്റെ പേരിലാണ് ടയർ കന്പനികൾക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.
കോംപറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരേ ടയർ കന്പനികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു എങ്കിലും ജനുവരി ആറിനു കോടതി ഹർജി തള്ളി. പിന്നീട് പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 28ന് സുപ്രീംകോടതിയും ഹർജി തള്ളി.
കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിൽനിന്നു ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തിലാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ടയർ കന്പനികൾക്കെതിരേ നടപടിയെടുത്തത്.
ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം വിവരം കോംപറ്റീഷൻ കമ്മീഷനു കൈമാറിയത്.
ടയർ കന്പനികൾക്കു പിഴയിട്ടുകൊണ്ടുള്ള അന്തിമവിധി പുറപ്പെടുവിച്ചതായി കോംപറ്റീഷൻ കമ്മീഷൻ വ്യക്തമാക്കി.
ഒത്തുകളിച്ചു വില കൂട്ടിയ ടയർ കന്പനികൾക്കു പിഴ ചുമത്തി 2018 ഓഗസ്റ്റ് 31നുതന്നെ കമ്മീഷൻ വിധി പ്രസ്താവിച്ചിരുന്നു.
2005ൽ സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 78 രൂപയിൽ നിന്ന് 114 രൂപയായി ഉയർന്നപ്പോൾ ടയർ വില 12 മുതൽ 15 വരെ ശതമാനം കൂട്ടി.
പിന്നീട് റബർ വില 82 രൂപയിലേക്ക് ഇടിഞ്ഞപ്പോൾ ടയർ വിലയിൽ മൂന്നു മുതൽ നാലു വരെ ശതമാനം മാത്രമാണ് കുറവുണ്ടായത്.
2008ൽ റബർ വില വീണ്ടും 142 രൂപയായി ഉയർന്നു. അപ്പോൾ ടയർ വിലയിൽ 17 മുതൽ 22 വരെ ശതമാനം വർധനയുണ്ടായി.
2008 ഡിസംബറിലും 2009 ജനുവരിയിലും സ്വാഭാവികറബറിന്റെ വില ഇടിഞ്ഞു. ഇക്കാലയളവിൽ ടയറിന്റെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ടയർ വിലയിൽ മാത്രം കുറവുണ്ടായില്ല.
2011-2012 കാലത്ത് സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 240 രൂപയായി ഉയർന്നു. ഒപ്പം ടയറിന്റെ വിലയിൽ 18 മുതൽ 25 ശതമാനം വരെ വർധനയുണ്ടായി.
പക്ഷേ, 2013-2014ൽ റബർ വില 145 രൂപയായി ഇടിഞ്ഞപ്പോൾ അതനുസരിച്ചു ടയർ വിലയിൽ ഒരു കുറവും ഉണ്ടായില്ലെന്നും കോംപറ്റീഷൻ കമ്മീഷന്റെ വിധിയിൽ വ്യക്തമാക്കുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ കോംപറ്റീഷൻ കമ്മീഷൻ ഡിജി അന്വേഷണം നടത്തി 2015 ഡിസംബർ എട്ടിന് റിപ്പോർട്ട് നൽകിയിരുന്നു.
അന്വേഷണത്തിൽ 2011-2012, 2012-2013 കാലത്ത് ആരോപണ വിധേയരായ ടയർ കന്പനികൾ ക്രമാതീതമായി വില വർധിപ്പിച്ചു എന്നു കണ്ടെത്തിയിരുന്നു.
ആഭ്യന്തര വിപണിയുടെ ആവശ്യകതയുമായി താരതമ്യം ചെയ്യുന്പോൾ അടിസ്ഥാനരഹിതമായാണ് ഇക്കാലയളവിൽ കന്പനികൾ ടയർവില കൂട്ടിയതെന്നും കണ്ടെത്തി.
കന്പനികൾ ഒത്തുകളിച്ചു തന്നെയാണ് ഈ വിലക്കയറ്റം ഉണ്ടാക്കിയതെന്നും ഡിജി തന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഡിജിയുടെ അന്വേഷണ റിപ്പോർട്ടിൻമേൽ ടയർ കന്പനികൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നു.