കാഞ്ഞിരപ്പള്ളി: “കുഞ്ഞുകുട്ടനെ’ കാത്ത് ഡെയ്സി ജോസഫ്. എറണാകുളം കാക്കനാട് കടപ്ലാക്കൽ ഡെയ്സി ജോസഫിന്റെ വളർത്തു പൂച്ചയാണ് കുഞ്ഞുകുട്ടൻ.
കാഞ്ഞിരപ്പള്ളിയിലെ സുഖോദയ ആയുർവേദ ആശുപത്രിയിൽ ചികിത്സയോടനുബന്ധിച്ച് കഴിഞ്ഞ മാസം 25നാണ് ഇവർ എത്തിയത്.
തുടർന്ന് 26ന് രാത്രിയോടെ പൂച്ചയെ കാണാതായി. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്നു റെഡ് റ്റാബി ഇനത്തിലുള്ളതാണ് ഈ പൂച്ച.
അത്ര വിലപിടിപ്പുള്ള വളർത്തുമൃഗമൊന്നുമല്ലെങ്കിലും ഡെയ്സിക്ക് ഈ പൂച്ച തന്റെ ജീവനെക്കാൾ വിലയുള്ള അരുമയാണ്.
അതുകൊണ്ടാണ് പൂച്ചയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നുകാട്ടി ആശുപത്രിയുടെ പരിസരത്താകെ ഇവർ നോട്ടീസ് പതിച്ചത്.
കൂടാതെ സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി പൂച്ചയുടെ ചിത്രമടങ്ങിയ നോട്ടീസും നൽകി. അതിനാൽ പൂച്ചയെ കണ്ടെത്താനായി സമീപത്തെ വീട്ടുകാരും സഹായിക്കുന്നുണ്ട്.
ഗോൾഡിന് പുറമെ വൈറ്റ് കൂടി കലർന്ന നിറമാണ് കുഞ്ഞുകുട്ടന്. ഒന്നര വർഷം മുന്പ് സഹോദരിയാണ് ഈ പൂച്ചയെ ഡെയ്സിക്ക് സമ്മാനിക്കുന്നത്.
അന്നു മുതൽ ഫ്ലാറ്റിൽ തന്റെ സന്തത സഹചാരിയായിരുന്നു കുഞ്ഞുകുട്ടനെന്ന് ഡെയ്സി പറയുന്നു.
കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും തന്റെ അരുമയായ വളർത്തുപൂച്ച തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഡെയ്സി. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ഓഡിറ്ററായി ജോലി ചെയ്യുകയാണ് ഡെയ്സി.