കായംകുളം : കൃഷ്ണപുരം അതിർത്തിച്ചിറ സാംസ്കാരിക വിനോദ കേന്ദ്രത്തിനോട് ചേർന്നുള്ള കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.
കൊല്ലം കുണ്ടറ വെള്ളിമൺ സോജുഭവനത്തിൽ സോജു (48 ) ആണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ഇയാൾ ഓച്ചിറയിലും പരിസരങ്ങളിലും കൂലിപ്പണി ചെയ്ത് കഴിയുകയായിരുന്നു. മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചതിന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുള്ളതായും കായംകുളം പോലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ 6.30 ഓടെ കുളത്തിലെ കടവിനോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നുകിടന്ന് നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
രാവിലെ ഇതുവഴി നടക്കാൻ ഇറങ്ങിയവർ കായംകുളം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയും ചെയ്തു. പോലീസ് ഇൻക്വസ്റ്റ് നടത്തി.
മൃതദേഹത്തിന്റെ തലയ്ക്ക് പിന്നിൽ മുറിപ്പാട് കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്.
കുളക്കടവിനോട് ചേർന്ന ഭാഗത്ത് രക്തത്തിൻറെ പാടുകൾ കണ്ടെത്തി. ഒന്നിലധികം ആളുകളുടെ ഷർട്ടും മുണ്ടുകളും അടക്കമുള്ളവ കുളത്തിനു സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നിന്നും ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും.
ഡി.വൈ.എസ്.പി.അലക്സ് ബേബി, സ്പെഷ്യൽബ്രാഞ്ച് ഡി.വൈ.എസ്.പി. സാബു, സി ഐ മുഹമദ്ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .
സമീപത്തെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.