ഏറ്റുമാനൂർ: ഭാഗ്യക്കുറി ടിക്കറ്റുകൾ എടുക്കുന്നത് ഒരു ശീലമായിരുന്നു ഏറ്റുമാനൂർ വടക്കേനട ശ്രീനിലയത്തിൽ എസ്. രാധാകൃഷ്ണന്. സമ്മാനത്തിനപ്പുറം ഒരു സേവനം കൂടിയായിട്ടാണ് ടിക്കറ്റു കൾ എടുത്തിരു ന്നത്.
വിൽക്കാതെ ബാക്കിയാകുന്ന മുഴുവൻ ടിക്കറ്റും പതിവ് വിൽപ്പനക്കാരിൽനിന്ന് പണം കൊടുത്തു വാങ്ങി സഹായിക്കാൻ ശ്രമിക്കും. ആ നല്ല മനസിന് ഭാഗ്യ ദേവത കനിഞ്ഞതാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.
ഇന്നലെ നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ എസ്. രാധാകൃഷ്ണനാണ് ലഭിച്ചത്.
വെള്ളൂരിൽ ഗുഡ്വിൽ എന്ന പണമിടപാട് സ്ഥാപനം നടത്തുന്ന രാധാകൃഷ്ണൻ ഇന്നലെ രാവിലെ വെള്ളൂരിലെ വിൽപ്പനക്കാരൻ കൃഷ്ണകുമാറിൽ നിന്നാണ് പിജെ 745073 എന്ന നന്പറിലുള്ള ടിക്കറ്റ് എടുത്തത്.
1994 മുതൽ വെള്ളൂരിൽ പണമിടപാട് സ്ഥാപനം നടത്തിവരികയാണ് രാധാകൃഷ്ണൻ. 5000 രൂപ അടക്കം ചെറിയ സമ്മാനങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സമ്മാനം.
ഒന്നര വർഷം മുന്പ് 10 ലക്ഷം രൂപയുടെ സമ്മാനം സീരിയലിന്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടിരുന്നു.
റിട്ടയേർഡ് കേന്ദ്ര ഗവ. ഉദ്യോഗസ്ഥ രമയാണ് ഭാര്യ. രാധിക, രേണുക എന്നിവരാണ് മക്കൾ. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റ വെള്ളൂർ ശാഖയിൽ ഏൽപ്പിച്ചു.