അടൂര്‍: ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ നൂറു വര്‍ഷം പഴക്കമുള്ള കുടുംബ വീട് പൊളിക്കാനുള്ള നീക്കം നാട്ടുകാരും ഇടതുപക്ഷ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.
ലൈഫ് പദ്ധതിയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന് കുടുംബവിഹിതത്തിലെ 13.5 സെന്റു സ്ഥലം നല്‍കുമെന്ന പ്രഖ്യാപനം വന്ന ദിവസമാണ് കുടുംബവീട് പൊളിക്കാനുള്ള ശ്രമം വിവാദത്തിലായത്.
അടൂര്‍ ഭവാനിയുടെ വീട് കഴിഞ്ഞദിവസം പൊളിച്ചതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയം.
ഇന്നലെ രാവിലെയാണ് മണക്കാല തുവയൂര്‍ വടക്ക് മൗട്ടത്ത് കണിയാരേത്ത് എന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ കുടുംബ വീട് പൊളിക്കാന്‍ ശ്രമം നടന്നത്.
വീടിന്റെ ഒരു ഭാഗത്തെ ഓട് ഭാഗികമായി ഇളക്കിയിരുന്നു. ഇതറിഞ്ഞ് നാട്ടുകാരും സിപിഐ, സിപിഎം പ്രവര്‍ത്തകരും സംഘടിച്ച് സ്ഥലത്തെത്തി.
പൊളിക്കുന്നവരുമായി വാക്കു തര്‍ക്കമുണ്ടായി. നൂറു വര്‍ഷം പഴക്കമുള്ളതാണ് വീട്. വിശ്വ വിഖ്യാത ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് അഞ്ചു വയസു മുതല്‍ കോളജ് തലം വരെ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ ഈ കെട്ടിടം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ എത്തിയത്.
നിലവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹോദരി പുത്രിയുടെ കൈവശമാണ് ഇപ്പോള്‍ വസ്തുവും വീടുമുള്ളതെന്നും പഴക്കമുള്ള വീട് സംരക്ഷിക്കണമെന്നും സിപിഐ ഏറത്ത് ലോക്കല്‍ സെക്രട്ടറി രാജേഷ് മണക്കാല, സിപിഎം തുവയൂര്‍ ലോക്കല്‍ സെക്രട്ടറി അനീഷ് രാജ് എന്നിവര്‍ പറഞ്ഞു.
വീട് നില നിര്‍ത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഇ.വി കൃഷ്ണപിള്ള സ്മാരക സമിതി നിവേദനം നല്കി.
വീടും സ്ഥലവും സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്നും ചലചിത്ര സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റണമെന്നും നിവേദനത്തില്‍ പറയുന്നു.
വീട് സംരക്ഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ സംരംക്ഷണ സമിതിയും രൂപീകരിച്ചു. പൊളിച്ച ഓട് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരികെ ഇട്ടു.