കൊച്ചി: ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും തമ്മില്‍ ബന്ധമില്ലെന്നും നടന് ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍.
സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ക്കായി ക്വട്ടേഷന്‍ നല്കിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ്. ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നത് നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി പറഞ്ഞു
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പോലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ദിലീപിന്റെ അഭിഭാഷകന് ബി. രാമന്‍പിള്ള വ്യാഴാഴ്ച വാദത്തിനിടെ കോടതിയിൽ പറഞ്ഞു.
ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു.
വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്.
ഇതെങ്ങനെ ഗൂഢാലോചനയാവുമെന്നും ദിലീപിന്റെ അഭിഭാഷകൻ ബി. രാമന്‍പിള്ള ചോദിച്ചു.