തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളജുകളും സ്കൂളുകളും ആരാധനാലയങ്ങളും വീണ്ടും തുറക്കാൻ തീരുമാനമായി. അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
കോളജുകള്‍ ഈ മാസം ഏഴിനും സ്കൂളുകൾ 14-ാം തീയതിയും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്നാം തരംഗത്തിൽ വ്യാപനം കൂടിയതോടെയാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നത്.
സി കാറ്റഗറിയിലുള്ള ജില്ലകളിലെ ആരാധനാലയങ്ങളിലാണ് പ്രവേശന വിലക്ക് നിലനിന്നിരുന്നത്.
ഞായറാഴ്ച ലോക്ഡൗൺ മൂലം ആരാധനാലയങ്ങളിൽ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് പിൻവലിച്ചത്.
ഇനി ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്താം. 20 പേരെയാണ് അനുവദിക്കുക.
ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കണമെന്ന് കെസിബിസിയും വിവിധ ക്രൈസ്തവ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കാനും ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിച്ചാൽ മതിയെന്നും അവലോകനയോഗം തീരുമാനിച്ചു.
നിലവിൽ കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ നിന്നും നാല് ജില്ലകളെ ഒഴിവാക്കി.
കോട്ടയം, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഒഴിവാക്കിയത്. കൊല്ലം ജില്ല മാത്രമാണ് നിലവിൽ സി വിഭാഗത്തിലുള്ളത്.