എടത്വ: ഒരു ലോക കാന്‍സര്‍ ദിനം കൂടി കടന്നു പോകുമ്പോള്‍ അതിജീവനത്തിന്റെ 23 വര്‍ഷം പിന്നിട്ട് ശ്രീധരന്.
തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പാക്കള്ളിപ്പറമ്പില് ശ്രീധരനാണ് (67) മുറിച്ചുമാറ്റിയ വന്‍കുടലുമായി അതിജീവനത്തിന്റെ 23 വര്‍ഷം പിന്നിട്ടത്.
തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ശ്രീധരന് 44-ാം വയസില്‍ മലത്തിലൂടെ രക്തം പോകുന്നതു കണ്ട് ചികിത്സ തേടിയപ്പോഴാണ് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതായി അറിയുന്നത്.
കൂലിപ്പണിക്കാരനായ ശ്രീധരനും കുടുംബവും ഞെട്ടലോടുകൂടിയാണ് രോഗവിവരം അറിഞ്ഞത്.
ആദ്യമൊന്നു പതറിയെങ്കിലും മനോധൈര്യം കൈവിടാതെ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സതേടി.
വന്‍കുടലിനെ കാന്‍സര്‍ പൂര്‍ണമായി ബാധിച്ചതിനാല്‍ ശസ്ത്രക്രിയയിലൂടെ കുടല് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.
കുടല് മാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെങ്കിലും മലവിസര്‍ജനത്തിനായി വയര്‍ തുളച്ച് ട്യൂബ് ഇടേണ്ടിവന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി ട്യൂബിലൂടാണ് ശ്രീധരന് മലവിസര്‍ജനം നടത്തുന്നത്.
രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ശ്രീധരന് കാന്‍സറിനെ അതിജീവിച്ച് തൊഴിലുറപ്പ് തൊഴിലിന് ഇറങ്ങിത്തുടങ്ങി.
ശീധരനും ഭാര്യയും തൊഴിലുറപ്പ് തൊഴിലില്‍നിന്ന് കിട്ടുന്ന സമ്പാദ്യം മിച്ചം പിടിച്ച് രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു.
ഇതിനിടയില്‍ വീട് നിര്‍മിക്കാനും ശ്രീധരനു കഴിഞ്ഞിരുന്നു. കാന്‍സറിനെ അവഗണിച്ച് കുടുംബം പോറ്റാനുള്ള നിശ്ചയദാര്‍ഢ്യമാണ് മുറിച്ചുമാറ്റിയ വന്‍കുടലുമായി ശ്രീധരന് ഇപ്പോഴും ജീവിക്കുന്നതിനു കാരണം.
ഇതേ വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ രാജപ്പനും (70) കാന്‍സര്‍ ബാധിതനാണ്. വായിലാണ് രാജപ്പന് കാന്‍സര്‍ ഉണ്ടായത്.
ദീര്‍ഘനാളായി തിരുവനന്തപുരം ആര്‍സിസി., വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളില്‍ ചികിത്സ തേടി വരുകയാണ്.
കൂലിപ്പണിക്കാരനായ രാജപ്പന്റെ കാന്‍സര്‍ മരുന്നിന് തന്നെ നല്ലൊരു തുക വേണ്ടി വരും. കൂനിന്മേല് കുരു പോലെ കഴിഞ്ഞ പ്രളയത്തില്‍ രാജപ്പന്റെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു.
പുതിയ വീടിനായി ലൈഫ് മിഷനില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് കുടുംബം. മരിക്കും മുന്‍പ് അടച്ചുറപ്പുള്ള വീട്ടില്‍ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന് പ്രാര്‍ഥനയിലാണ് കര്‍ഷക തൊഴിലാളിയായ രാജപ്പന്റെ ആഗ്രഹം.
ലോക കാന്‍സര്‍ ദിനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രീധരനെയും രാജപ്പനെയും സന്ദര്‍ശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വാര്‍ഡ് അംഗം സുജ സ്റ്റീഫന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധു, പാലിയേറ്റീവ് നഴ്സ് ഗീത വി. നായര്‍ എന്നിവരാണ് വീടുകള്‍ സന്ദര്‍ശിച്ചത്.