വിഴിഞ്ഞം: ഭക്ഷണത്തിനിടയിൽ മീൻ കഷണങ്ങൾ കുറഞ്ഞതിന് ഭാര്യയെയും മകനെയും ആക്ര മിച്ച കേസിൽ ജാമ്യം നേടി പുറ ത്തിറങ്ങിയ മാക്കാൻ ബിജു ചില്ലറക്കാരനല്ലെന്ന് വിഴിഞ്ഞം പോലീസ്.
വീടിന് സമീപത്തെ തോട്ടത്തിലുണ്ടെന്ന് മനസിലാക്കി പിടികൂടാൻ എത്തിയ പോലീസിനെ അഞ്ച് മണിക്കൂറോളം വെള്ളം കുടിപ്പിച്ചു.
തെങ്ങുകളും വാഴകളും ഉൾപ്പെടെയുള്ള ഏലയിൽ നിന്ന് ബിജുവിനെ പൊക്കാൻ ഒടുവിൽ ഡ്രോണിന്റെ സഹായവും വേണ്ടിവന്നു.
പോലീസിനെ വട്ടം കറക്കാൻ ഓടുന്നതിനിടയിൽ മൂന്ന് പ്രാവശ്യം വേഷവും മാറി. ഇന്നലെ രാവിലെ ആറോടെയായിരുന്നു കുത്തേറ്റ സജികുമാർ മരിച്ച വിവരം മെഡിക്കൽ കോളജിൽ നിന്ന് വിഴിഞ്ഞം പോലീസിന് ലഭിച്ചത്.
പരിക്കേറ്റ സജികുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയ സംഘങ്ങൾ ബന്ധുക്കളെ അറിയിച്ചതിൽ നിന്ന് പ്രധാന പ്രതികളെ മനസിലാക്കിയ പോലീസ് ഇവരെ വലയിലാക്കാനുള്ള ശ്രമം ആരംഭിച്ചു.
സംഭവ ശേഷം വീട്ടിലേക്ക് പോയ രാജേഷിനെ പിടികൂടിയ പോലീസ് ബിജുവിനായി അന്വേഷണം തുടങ്ങി.
ഇതിനിടയിൽ കോട്ടുകാലിലെ വീടിന് സമീപത്തെ തോട്ടത്തിൽ ബിജു പതുങ്ങിയിരിക്കുന്നതായ വിവരം പോലീസിന് ലഭിച്ചു.
രാവിലെ എട്ടരയോടെ വിഴിഞ്ഞം സിഐ പ്രജീഷ് ശശി എസ്ഐമാരായ സമ്പത്ത്, വിനോദ് ,എഎസ്ഐ സാബു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി.
വീടിനു സമീപത്തെ തോട്ടത്തിൽ നിന്ന ബിജു പോലിസിനെ കണ്ടതോടെ ഓടി.
ഒടുവിൽ മേഖല മുഴുവൻ വീക്ഷിച്ച് പ്രതിയുടെ ഒളിസ്ഥലം കണ്ടെത്താൻ ഡ്രോണിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചു.ഉച്ചക്ക് പന്ത്രണ്ടോടെ സ്വകാര്യ വ്യക്തി ഡ്രോണുമായി സ്ഥലത്ത് എത്തി.
നിമിഷ നേരം കൊണ്ട് ഒളിസ്ഥലം മാറി രക്ഷപ്പെടുന്ന ബിജുവിന്റെ തന്ത്രങ്ങൾ പൂർണമായി പരാജയപ്പെടുത്താൻ ഡ്രോണിനുമായില്ല.
ഡ്രോണിനെ മുന്നിൽ നിർത്തി പോലീസ് നടത്തിയ പരിശോധനക്കൊടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെ ഫലം കണ്ടു.
ഭക്ഷണത്തിനിടയിൽ മീൻ കഷണങ്ങൾ കുറഞ്ഞതിന്റെ പേരിൽ 2021 ഒക്ടോബർ 16നാണ് ഭാര്യയെയും മകനെയും മർദിച്ച സംഭവമുണ്ടായത്.
വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്ത കേസിൽ നവംബർ 15ന് ജാമ്യത്തിലിറങ്ങി ബിജു വീട്ടുകാരുമായി അടുത്തു .
ഇന്നലെ പോലീസ് വട്ടംകറക്കുന്നതിനിടയിൽ വേഷം മാറാൻ വീട്ടുകാരുടെ സഹായം കിട്ടിയതായും പോലീസ് കരുതുന്നു.
ആദ്യം കാണുമ്പോൾ ചുവന്ന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ബിജു, ഇടക്ക് പച്ചയും അവസാനം നീലയും വേഷമണിഞ്ഞ് പോലീസിനെ കബളിപ്പിച്ചു. ഇതൊക്കെ എങ്ങനെ സംഭവിച്ചെന്ന കാര്യത്തിൽ അന്വേഷകർക്കും വ്യക്തതയില്ല.