കൊച്ചി: എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപം ചെരുപ്പു തുന്നുന്ന ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍.
കേസുമായി ബന്ധപ്പെട്ട് ആലുവ കോമ്പാറ സ്വദേശികളായ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു(43), ഇവരുടെ മകന് സാവിയോ ബാബു(23) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;
കഴിഞ്ഞ മാസം 24-ന് ചെരുപ്പുകുത്തിയായ ജോയി(50) യെ ബൈക്കിലെത്തിയ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയും വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അമ്മയും മകനും അറസ്റ്റിലായത്.
രണ്ടു മാസം മുമ്പ് ജോയിയും സോളിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ജോയി സോളിയുടെ കൈ അടിച്ചൊടിച്ചതിനെത്തുടര്ന്ന് ഇയാളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
50 ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ ഇയാളെ വധിക്കാനായി സോളി ക്വട്ടേഷന്‍ നല്‍കിയെങ്കിലും ഫലപ്രദമായില്ല.
തുടര്‍ന്നാണ് മകന് അക്രമം നടത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു.