മുംബൈ: മഹാനഗരമായ മുംബൈയിലെ വിവാഹമോചനങ്ങളിൽ മൂന്ന് ശതമാനത്തോളവും സംഭവിക്കുന്നത് ഗതാഗതകുരുക്കു മൂലമാണെന്ന് ബിജെപി നേതാവിന്റെ ഭാര്യ.
മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസാണ് പുതിയ തിയറിയുമായി രംഗത്തെത്തിയത്.
മുംബൈയിലെ റോഡുകളുടേയും ഗതാഗത സംവിധാനത്തിന്റെയും അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവർ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
സാധാരണ പൗരനെന്ന നിലയിൽ പറയുന്നു. പുറത്തുപോകുമ്പോൾ റോഡിൽ കുഴികളും ഗതാഗത കുരുക്കുമാണ്.
ഗതാഗതകുരുക്ക് കാരണം ആളുകൾക്ക് അവരുടെ കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിയുന്നില്ല.
മൂന്ന് ശതമാനം വിവാഹമോചനങ്ങളും അതുകൊണ്ടാണ് മുംബൈയിൽ സംഭവിക്കുന്നത്- അമൃത പറഞ്ഞു.
ഞാൻ ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം വിടുക, ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്.
റോഡുകളിലെ കുഴികളും എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് താൻ അനുഭവിച്ചിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു.
ഇതിനെതിരെ വലിയ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാവുന്നത്. ഈ ദിവസത്തെ ഏറ്റവും മികച്ച യുക്തിയെന്ന് പരിഹസിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തി.
ബംഗളൂരുവിലെ കുടുംബങ്ങളൊന്നും ഇതു വായിക്കരുതെന്ന് കാരണം നിങ്ങളുടെ കുടുംബ ജീവിതത്തെ ഇത് ബാധിച്ചേക്കാമെന്നും അവർ പരിഹസിച്ചു.