പാലാ: മനോരോഗികൾക്കുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിൽ കലർത്തിനൽകി തളർത്തിക്കിടത്താൻ ശ്രമിച്ച കേസിലെ പ്രതി ആശാ സുരേഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
തുടർന്നു വിശദമായ തെളിവെടുപ്പും മറ്റന്വേഷണങ്ങളും നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഭർത്താവിനെ ഒതുക്കാനും തളർത്തിയിടാനുമാണു മരുന്നുകൾ നൽകിയിരുന്നതെന്നാണ് ആശയുടെ മൊഴിയെങ്കിലും ഇതിനപ്പുറത്തേക്ക് ഭർത്താവിനെ അപായപ്പെടുത്തി മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാൻ ഇവർ ശ്രമിച്ചിരുന്നോയെന്ന കാര്യമാണു പോലീസ് അന്വേഷിക്കുന്നത്.
മൂന്നു വർഷം മുന്പ് ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി കാട്ടി ആശ പാലാ പോലീസിൽ ഒരു പരാതി നൽകിയിരുന്നു.
പിന്നീട് ചില ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഈ കേസ് ഒത്തുതീർപ്പിലാക്കുകയാണ് ഉണ്ടായത്.
പാലായിലെ രണ്ടു കടകളിൽനിന്നാണു ഓരോ മാസവും മരുന്നുകൾ വാങ്ങിയിരുന്നത്. ഇതിന്റെ ബില്ലുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ലഭ്യമായോ എന്നും മരുന്നിനെ സംബന്ധിച്ച വിവരങ്ങൾ ആശയ്ക്ക് ലഭിച്ചത് എങ്ങനെയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
ഇന്നലെ ആശയുടെ ഏകസഹോദരനെ വിളിച്ചുവരുത്തി പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ഒരു സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനാണ്.
ആശയുടെ പ്രവൃത്തിയെപ്പറ്റി തനിക്കൊന്നും അറിവുണ്ടായിരുന്നില്ലെന്നാണ് സഹോദരന്റെ മൊഴി. പാലാ ഡിവൈഎസ്പി ഷാജു ജോസ്, സിഐ കെ.പി. ടോംസണ്, എസ്ഐ എം.ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്.