മൂലമറ്റം: ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തപ്പാടുകൾ കണ്ട സംഭവം പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി.
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ മദ്യപിച്ച് വീണ അറക്കുളം മൈലാടിക്കു സമീപം ആലിൻചുവട് സ്വദേശി സോമിയുടെ തല പൊട്ടിയൊഴുകിയ രക്തമാണെന്ന് വ്യക്തമായി.
എന്നാൽ സംഭവം രാവിലെ മുതൽ നാട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഇന്നലെ രാവിലെ ആറോടെ ടൗണിലെത്തിയ ആളുകളാണ് രക്തം തളംകെട്ടിക്കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.
ഏതോ അക്രമം നടന്നുവെന്ന നിലയിലാണ് നാട്ടുകാർ പോലീസിനു വിവരം നൽകിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്ഐ ഇസ്മായിലും സംഘവും സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പഞ്ചായത്തിന്റെ സിസിടിവിയും പരിശോധിച്ചു. ഇതിൽനിന്നും ഒരാൾ ഇവിടെ കിടന്നിരുന്നതായി കണ്ടെത്തി.
മുറിവുകളോടെ ഒരാൾ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പോലീസിനു വിവരം നൽകി.
ഇതനുസരിച്ച് മൂലമറ്റം സ്വിച്ച് യാർഡിന് സമീപത്തെ റബർ തോട്ടങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പോലീസ് സംഘം തെരച്ചിൽ നടത്തി.
മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഉച്ചയ്ക്ക് 12 ഓടെ സോമിയെ വീണ് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തി.
പിന്നീട് പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം രാത്രിയിൽ കാൽതട്ടി തലയടിച്ചു വീണാണ് സോമിക്ക് പരിക്കേറ്റത്.
മദ്യലഹരിയിൽ മുറിവ് കാര്യമാക്കാതെ പല സ്ഥലങ്ങളിലും നടന്നതാണ് ദുരൂഹതയുണ്ടാക്കിയത്.
ബസ് സ്റ്റാൻഡിലെ മൂന്നു കടകളുടെ മുന്പിലും വെയ്റ്റിംഗ് ഷെഡിലും ചോര തളംകെട്ടിയ നിലയിലായിരുന്നു.