കൂരാച്ചുണ്ട്: പട്ടാപ്പകൽ കൂരാച്ചുണ്ട് ടൗണിൽ കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ലോട്ടറി കച്ചവടക്കാരൻ കൂരാച്ചുണ്ട് പൂവ്വത്തുംചോലയിലെ നടുക്കണ്ടിപറമ്പിൽ വേലായുധ (56) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ടൗണിന് പിന്നിലുള്ള കൃഷിയിടത്തിൽ നിന്നാവാം കാട്ടുപന്നി ടൗണിലെ റോഡിൽ പ്രവേശിച്ചത് എന്നാണ് കരുതുന്നത്.
ടൗണിലിറങ്ങി ഓടിയ പന്നി കാൽനടയാത്രക്കാർക്കുനേരേ പായുകയും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. പന്നി തങ്ങൾക്കു നേരേ വരുന്നതുകണ്ട് പലരും ഓടി രക്ഷപ്പെട്ടു.
ഇതിനിടെയാണ് വേലായുധന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കാട്ടുപന്നി ഇടിച്ചു വീഴ്ത്തിത്തിയതിനെ തുടർന്ന് കാലുകൾക്ക് പരിക്കേറ്റ ഇദ്ദേഹം കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
തച്ചൻപ്പൊയിൽ സ്വദേശിയായ റാഫിഖ് ഞാറുക്കാട്ടിൽ, ചെമ്പനോട സ്വദേശി ചെരിയൻപുറത്ത് ചെറിയാച്ചൻ എന്നിവരുടെ വാഹനങ്ങളിൽ കാട്ടുപന്നിയിടിച്ച് നാശം സംഭവിച്ചിട്ടുണ്ട്.
അടുത്ത നാളുകളായി വിവിധ പ്രദേശങ്ങളിൽ ടൗണുകളിലും റോഡുകളിലും പകൽ സമയങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നുണ്ട്.
ഇതിനെതിരേ സർക്കാർ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്.
പകൽ സമയം പോലും ജനങ്ങളുടെ ജീവന് ഭീക്ഷണിയായി മാറിയ കാട്ടുപന്നിയെ ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ആവശ്യപ്പെട്ടു.
കാട്ടുപന്നി ഭീഷിയെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും ഇരുചക്രവാഹന യാത്രക്കാരും ഭീതിയിലാണ്.
അടുത്ത കാലത്ത് വീടുകളിൽ കാട്ടുപന്നി കയറിയ സംഭവവുമുണ്ട്. കർഷകർക്ക് തോക്കിന് ലൈസൻസ് അനുവദിക്കണമെന്നും തോക്ക് പുതുക്കാൻ നൽകിയവർക്ക് അടിയന്തരമായി പുതുക്കി നൽകണമെന്നും പ്രസിഡന്റ് പോളി കാരക്കട ആവശ്യപ്പെട്ടു.