കരുവാരകുണ്ട്: വ്യാജരേഖകളുണ്ടാക്കി പട്ടാന്പി ആമയൂർ സ്വദേശിനിയായ സ്ത്രീക്ക് മറ്റൊരാളുടെ സ്ഥലം രജിസ്റ്റർ ചെയ്തു നല്കി 20 ലക്ഷം ലക്ഷം രൂപ തട്ടിയ ആൾ അറസ്റ്റിൽ.
കരുവാരകുണ്ട് തരിശ് മുളളറയിലെ ചേരിയോടൻ അബുബക്കറിനെ (51) യാണ് കരുവാരകുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ആമയൂർ സ്വദേശിക്ക് തുവ്വൂരിലുള്ള ഒരു സ്ഥലം കാണിച്ചു കൊടുക്കുകയും അതിന് കൃത്രിമമായ സ്കെച്ച് തയാറാക്കി നല്കുകയും ചെയ്താണ് പ്രതി പരാതിക്കാരിയെ സ്ഥലമിടപാട് വിശ്വസിപ്പിച്ചത്.
പിന്നീട് മറ്റൊരാളുടെ കരുവാരകുണ്ട് കൽക്കുണ്ടിലുള്ള സ്ഥലത്തിന്റെ ആധാരവും പുൽവെട്ടയിലുള്ള സ്ഥലത്തിന്റെ നികുതി ചീട്ടും കാണിച്ച് തണ്ടപ്പേർ കരസ്ഥമാക്കുകയും പിന്നീട് അയാളുടെ പേരിൽ കൃത്രിമ ആധാർ കാർഡ് നിർമിച്ച് ആൾമാറാട്ടം നടത്തി കരുവാരകുണ്ട് സബ് രജിസ്ട്രാർ ഓഫീസിലെത്തി ആധാരം രജിസ്റ്റർ ചെയ്ത് നല്കുകയുമായിരുന്നു.
സ്ഥലത്തിന്റെ യഥാർത്ഥ ഉടമ നികുതി അടയ്ക്കാൻ വില്ലേജോഫീസിൽ ചെന്നപ്പോഴാണ് സ്ഥലം വില്പന നടന്നതായി രേഖകളിൽ കണ്ടത്.
വിവിധ ഓഫീസുകളിൽ ജീവനക്കാരായ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും ഈ കാര്യം വ്യക്തമായാൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് അറിയിച്ചു.
കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ എസ്ഐ സുജിത് മുരാരി, എസ്സിപിഒ സനീഷ് കുമാർ, ആഷിഫ്, അനിൽദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കി.