ലണ്ടൻ: സിംഹാസനത്തിൽ എഴുപതു വർഷം പൂർത്തിയാക്കി ബ്രിട്ടനിലെ എലിബസബത്ത് രാജ്ഞി ചരിത്രം സൃഷ്ടിച്ചു.
രാജപദവിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി തൊണ്ണൂറ്റിയഞ്ചുകാരിയായ രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തു പുറത്തിറക്കിയ കുറിപ്പിൽ ചാൾസ് രാജകുമാരൻ രാജാവാകുന്പോൾ, പത്നി കാമില രാജപത്നിയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തി.
രാജ്ഞിയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്ത മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരൻ നന്ദി പ്രകടിപ്പിച്ചു.
ഡ്യൂക്ക്, ഡച്ചസ് ഓഫ് കോണ്‍വാൾ എന്നാണ് ചാൾസ് രാജകുമാരനും ഭാര്യ കാമിലയും അറിയപ്പെടുന്നത്. 2005 ലാണ് ഇവർ വിവാഹിതരായത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഡയാനയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യത്തിനും ഡയാനയുടെ മരണത്തിനും ശേഷം ചാൾസ് രാജകുമാരൻ വിവാഹം ചെയ്ത കാമിലയെ ബ്രിട്ടീഷ് ജനത സ്വീകരിക്കുമോയെന്ന് എലിസബത്ത് രാജ്ഞിക്ക് ആശങ്കയുണ്ടായിരുന്നു.
ജോർജ് ആറാമൻ രാജാവിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി ആറിന്, ഇരുപത്തിയഞ്ചാം വയസിലാണ് എലിസബത്ത് രാജ്ഞിയായി അധികാരമേറ്റത്.
ജോർജ് ആറാമൻ രാജാവിന്റെ ചരമവാർഷികമായതിനാൽ ഇന്നലെ ആഘോഷചടങ്ങുകളൊന്നും നടന്നില്ല.
ജൂണ്‍ ആദ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷചടങ്ങുകൾ നടത്താനാണ് തീരുമാനം. ജൂൺ രണ്ടുമുതൽ രാജ്യത്ത് നാലു ദിവസം ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 14 പേരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായത്.
ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്സൻ, മുൻ പ്രധാനമന്ത്രിമാരായ തെരേസ മേ, ഡേവിഡ് കാമറൂണ്‍ എന്നിവർ രാജ്ഞിക്ക് ആശംസകളർപ്പിച്ചു.
ദീർഘനാൾ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത രാജ്ഞിക്ക് ആദരമർപ്പിക്കുന്നു. രാജ്ഞിയുടെ ചരിത്രപരമായ ഭരണകാലം രാജ്യം വേനൽക്കാലത്ത് ആഘോഷിക്കുമെന്ന് ബോറിസ് ജോണ്സൻ പാർലമെന്റിൽ പറഞ്ഞു.
രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞവർഷം 99-ാം വയസിലാണ് അന്തരിച്ചത്. ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ് എന്നിവരാണ് മക്കൾ.
63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റിക്കാർഡ് ഏഴു വർഷം മുന്‍പ് എലിസബത്ത് രാജ്ഞി മറികടന്നിരുന്നു.