മാന്നാർ: കല്യാണം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞു പരിചയക്കാരുടെ വാഹനങ്ങളെടുത്ത ശേഷം അവ മറിച്ചു വിൽക്കുന്നയാൾ അറസ്റ്റിൽ.
എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മോഹനൻ പിള്ളയുടെ മകൻ മഹേഷിനെയാണ് (35)മാന്നാർ പോലീസ് അറസ്റ്റു ചെയ്തത്.
എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാറുകൾ, ഒരു എർട്ടിഗ കാർ എന്നിവ 2021 ഓഗസ്റ്റ്, നവംബർ മാസങ്ങളിലായാണ് മഹേഷ് കൊണ്ടുപോയത്.
എന്നാൽ പല തവണ അന്വേഷിച്ചിച്ചിട്ടും വാഹനം ഉടൻ തിരിച്ചു നൽകാമെന്ന മറുപടിയാണു ലഭിച്ചത്.
തുടർന്ന് ഉടമകൾ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇയാൾ ജനുവരി 31ന് വാഹനങ്ങൾ തിരിച്ചു കൊടുക്കാമെന്നു കരാർ വച്ചു മടങ്ങി.
ജനുവരി 31നും വാഹനങ്ങൾ കിട്ടാതെ വന്നതോടെ ഉടമകൾ വീണ്ടും പോലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ തമിഴ്നാട് കമ്പംമേട്ട് വില്പന നടത്തിയതായറിയുന്നത്.
പോലീസ് കമ്പംമെട്ടുനിന്ന് മഹേഷിനെ അറസ്റ്റ് ചെയ്തു. മൂന്നു വാഹനങ്ങളിൽ ഒരെണ്ണം അവിടെനിന്നു കണ്ടെത്തി. മറ്റു രണ്ടു വാഹനങ്ങൾക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അംഗതൻ, ശ്രീകുമാർ, അഡിഷണൽ എസ്ഐ ബിന്ദു,
സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.