കൊച്ചി: കരുതലിനും സ്നേഹത്തിനും ഭാഷകളില്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ തൊഴില്‍ ചെയ്തുവരുന്ന ഒഡീഷക്കാരനായ ശിവറാം.
തെരുവോരങ്ങളില്‍ കഴിയുന്ന നിര്ധനരരുടെ മുടിയും താടിയും വെട്ടി അവരെ ‘സുന്ദരന്മാരും സുന്ദരികളും’ ആക്കുന്നതിനൊപ്പം വിശപ്പകറ്റാന്‍ ഭക്ഷണവും നല്കി മാതൃകയാവുകയാണ് ഈ ‘ഭായി’.
ഒമ്പത് വര്‍ഷം മുമ്പ് ഒഡീഷയില്‍ നിന്ന് ജോലി തേടി എറണാകുളത്തെത്തിയ ശിവറാം നിലവില്‍ പത്മ ജംഗ്ഷനു സമീപം ജ്യൂ സ്ട്രീറ്റ് റോഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ വരികയാണ്.
ആദ്യ ലോക്ഡൗണ്‍ സമയത്ത് ആരോരുമില്ലാതെ തെരുവില്‍ അലയുന്ന ആളുകളെ കണ്ടതോടെയാണ് ഇത്തരക്കാരെ സഹായിക്കണമെന്ന ആശയം ശിവറാമിനു തോന്നിയത്.
ഇതേതുടര്‍ന്ന് അറിയാവുന്ന തൊഴില്‍ ആശ്രയമില്ലാത്തവര്‍ക്ക് ഉപകാരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒഴിവു ദിനങ്ങളില്‍ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ തേടി കണ്ടെത്തിയാണ് മുടി വെട്ടി നല്‍കുന്നത്. ഒപ്പം വെള്ളവും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യും.
നേരിട്ട് കണ്ടെത്തുന്ന ആളുകള്‍ക്കു പുറമെ സുഹൃത്തുക്കള്‍ അറിയിക്കുന്ന ഇടങ്ങളിലും ശിവറാം സഹായമെത്തിക്കുന്നുണ്ട്.
രോഗവ്യാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശുചിത്വം കാത്തു സൂക്ഷിക്കണമെന്ന സന്ദേശവും ശിവറാം ഇവര്‍ക്ക് നല്കി വരുന്നു.
ശിവറാമിനൊപ്പം സുഹൃത്തുക്കളായ പൂര്‍ണ ചന്ദ്, സഞ്ജയ്, രവി എന്നിവരുമുണ്ട് ആളുകളെ സഹായിക്കാന്‍. വരുമാനത്തിന്റെ ഒരംശം ഇത്തരം പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ നീക്കിവയ്ക്കുന്നത്.
മലയാളം സംസാരിക്കാൻ അറിയാവുന്നതിൽ ആളുകളോട് ഇടപഴകുന്നതിന് സഹായകമാകുന്നുവെന്ന് ശിവറാം പറയുന്നു.