ശ്രീകണ്ഠപുരം: വീട്ടുപറമ്പിലെ കൃഷിയിടത്തിൽനിന്ന് സജിന രമേശന് ലഭിച്ചത് ഭീമൻ വാഴക്കുല.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചുഴലി നവപ്രഭ വായനശാലക്ക് സമീപത്തെ സജിന രമേശന്റെ വീട്ടുപറമ്പിലാണ് കൂറ്റൻ വാഴക്കുലയുണ്ടായത്.
ടിഷ്യൂ കൾച്ചർ ഇനത്തിലുള്ള വാഴക്കുലയ്ക്ക് 60 കിലോയോളം തൂക്കം വരും. രണ്ട് മീറ്ററോളം നീളവുമുണ്ട്.
കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ ഹരിതം പദ്ധതിയിൽ താത്പര്യമുണ്ടായതിനെ തുടർന്നാണ് പച്ചക്കറി കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയത്.
വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി. കരിമ്പം ഫാമിൽനിന്നാണ് വാഴത്തൈകൾ വാങ്ങിയത്.
എട്ട് ടിഷ്യൂ കൾച്ചർ വാഴയുൾപ്പെടെ 25 ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ ജൂണിലാണ് വാഴ നട്ടത്.
മറ്റ് ടിഷ്യൂ കൾച്ചർ വാഴകൾ കുലച്ചിരുന്നെങ്കിലും ഇത്ര വലുപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു. ഭർത്താവ്: രമേശൻ (അബുദാബി).