കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി ശ്രദ്ധേയനാകുന്നു.
കെ.പി.രോഹിത് എന്ന പതിനേഴുകാരനാണ് വ്യത്യസ്ത കലാവിരുതിലൂടെ ദേശീയശ്രദ്ധയാകർഷിക്കുന്നത്.
രോഹിതിന്റെ ഈ കലാവിരുത് ഹിസ്റ്ററി ടിവി18-ലെ “ഓഎംജി! യേ മേരാ ഇന്ത്യ’ എന്ന പരിപാടിയുടെ ഇന്നു രാത്രി എട്ടിന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെ ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇത്തരം അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്‍ഥ കഥകളാണ് ഇപ്പോള്‍ എട്ടാമത് സീസണിലേക്കു കടന്നിരിക്കുന്ന “ഓഎംജി! യേ മേരാ ഇന്ത്യ’യിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
ഔപചാരികമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്തയാളാണ് രോഹിത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
അരിമണികള്‍ വായുവിലെറിഞ്ഞ് പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിക്കുന്ന ഒരു വനിതയെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ടതാണ് രോഹിതിനെ ഇതു പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
മൂന്നു ദിവസത്തെ പരിശ്രമം കൊണ്ട് രോഹിത് വായുവില്‍ മോഹന്‍ലാലിന്റെ പോര്‍ട്രെയ്റ്റ് സൃഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതിനുപിന്നാലെ മറ്റു നിരവധി പ്രശസ്ത വ്യക്തികളുടെ ഏരിയല്‍ പോര്‍ട്രെയ്റ്റുകളും രോഹിത് സൃഷ്ടിച്ചു.
രോഹിതിന്റെ അവിശ്വസനീയമായ ഈ കഴിവാണ് ഇന്ന് രാജ്യം മുഴുവന്‍ എത്തുന്നത്. 24 ലോകറിക്കാര്‍ഡുകള്‍ സ്വന്തം പേരിലുള്ള ഒരു തായ്കോണ്ടോ പരിശീലകനും ഈ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പയ്യന്നൂർ കോറോം കുഞ്ഞിവളപ്പിൽ പള്ളിത്തറ-കെ.വി.രാജൻ-ഗീത ദന്പതികളുടെ മകനാണ് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായ രോഹിത്. ചേട്ടൻ രാഹുൽ നീലേശ്വരത്ത് പിജിക്ക് പഠിക്കുന്നു.