കാടുകുറ്റി: പ്രളയത്തിൽ വെള്ളം കയറി, കുണ്ടും കുഴികളുമായി മാറിയ റോഡ് പുനരുദ്ധരിച്ചെങ്കിലും ജനങ്ങൾക്ക് നിരാശ മാത്രം ബാക്കി.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് കുലയിടം ലിഫ്റ്റ് ഇറിഗേഷൻ റോഡിനാണ് ദുർഗതി വിടാതെ പിടികൂടിയിരിക്കുന്നത്. പ്രളയത്തിനു ശേഷം മൂന്നര വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
റോഡ് നവീകരണം ആവശ്യപ്പെട്ടുള്ള ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ലോക്കൽ റോഡ് റീബിൽഡ് പ്രൊജക്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് അധികൃതർ നടപടിയെടുത്തത്.
നിർമാണം കഴിഞ്ഞ് കേവലം മുപ്പതു മണിക്കൂറിനുള്ളിൽ തന്നെ മെറ്റൽ ഇളകി തുടങ്ങി.
ടാറിംഗ് അടക്കമുള്ള അസംസ്കൃത വസ്തുക്കൾ ആനുപാതികമായി ഉപയോഗിക്കാത്തതുമൂലം പഴയ ടാറിംഗുമായി യാതൊരു ബന്ധമില്ലാതെ വേറിട്ടു നിൽക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്.
ഒരു ചെറിയ മഴയെ പോലും അതിജീവിക്കാനാകാത്ത വിധത്തിലാണ് ടാറിംഗ് നടന്നിരിക്കുന്നത്.
കരാറിൽ അനുശാസിക്കുന്ന കനം ടാറിംഗിനില്ലെന്ന ആക്ഷേപവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒട്ടേറെ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കരാർ പ്രകാരം ജനോപകാരപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുന്നതിൽ ജനപ്രതിനിധികളും നിർവഹണ ഉദ്യോഗസ്ഥരും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൊരട്ടി അടക്കമുള്ള സമീപ പ്രദേശങ്ങളിൽ നിന്നും വെസ്റ്റ് കൊരട്ടി ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഗ്രാമീണ റോഡുകളിലൊന്നാണിത്.
ലക്ഷങ്ങൾ വിനിയോഗിച്ച് നവീകരിക്കുന്ന റോഡിന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.