കടുത്തുരുത്തി: ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വാഹനതിരക്കേറിയ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന റോഡ് റോളര്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.
കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്ര റോഡിലാണ് ഗതാഗത തടസവും അപകട ഭീഷണിയുമായി റോഡ് റോളറിന്റെ കിടപ്പ്.
കൊടും വളവിലാണ് ഇതിന്റെ കിടപ്പെന്നതു അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്. ഇരുവശങ്ങളില്‍നിന്നും ഒരേസമയം വാഹനങ്ങള്‍ വന്നാല്‍ ഗതാഗതം തടസപെടുന്ന സ്ഥിതിയാണ്.
പലതവണ നാട്ടുകാരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും ആവശ്യപ്പെട്ടിട്ടിട്ടും റോഡ് റോളര്‍ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോവിന്ദപുരം-മുട്ടുചിറ റോഡിന്റെ ടാറിംഗ് പണികള്‍ക്കായിട്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡ് റോളര്‍ ഇവിടെ എത്തിച്ചത്.
പിന്നീട് ചെറിയ തകരാറിനെ തുടര്‍ന്ന് റോഡ് റോളര്‍ ഇവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മഴയും വെയിലുമേറ്റു വര്‍ഷങ്ങള്‍ വെറുതെ കിടന്നതോടെ തുരുമ്പെടുത്തു നാശാവസ്ഥയിലാണ് യന്ത്രം.
കാടും പള്ളയും മൂടി തുടങ്ങിയതോടെ രാത്രികാലങ്ങളില്‍ കൂടുതല്‍ അപകട ഭീഷണിയാണ് റോഡ് റോളര്‍ മൂലം ഉണ്ടാകുന്നത്.
കാലങ്ങളായി വാഹനം കിടക്കുന്ന സ്ഥലം മാലിന്യ നിക്ഷേപ സ്ഥലമായി മാറി. സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായും ഈ ഭാഗം മാറിയതായി നാട്ടുകാര്‍ പറയുന്നു.
റോഡ് റോളര്‍ അടിയന്തരമായി ഇവിടെനിന്നും നീക്കം ചെയ്തു പ്രദേശം സഞ്ചാരയോഗ്യമാക്കണമെന്ന് കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആര്. ശ്രീകുമാര്‍ തെക്കേടത്ത് ആവശ്യപ്പെട്ടു.