കോട്ടയം: നാഗന്പടം നെഹ്റു സ്റ്റേഡിയം കായിക താരങ്ങൾക്കോ അതോ…?
കോട്ടയം നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ നാഗന്പടം സ്റ്റേഡിയം ഇന്നു കായിക പ്രേമികളുടെ പരിശീലന കേന്ദ്രം മാത്രമല്ല, മറ്റ് പല ഇടപാടുകാരുടേയും താവളമാണ്.
മികച്ച ഫുട്ബോൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ്ബോൾ സ്റ്റേഡിയം എന്നിങ്ങനെ വിവിധങ്ങളായ കായിക മാമാങ്കത്തിന്റെ വേദിയാണ് ഇന്ന് ഉത്തരവാദിത്വപ്പെട്ടവരുടെ നോട്ടം വീഴാതെ അപചയം സംഭവിക്കുന്നത്.
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഗന്പടം സ്റ്റേഡിയം മദ്യപ സംഘങ്ങളുടേയും ലഹരി ഇടപാടുകാരുടേയും കമിതാക്കളുടേയും സംഗമ സ്ഥലമാണ്.
നാഗന്പടം ബസ് സ്റ്റാൻഡ്്, റെയിൽവേ സ്റ്റേഷൻ, ബിവറേജ്, രണ്ട് ബാർ എന്നിവയ്ക്കു സമീപമായതുകൊണ്ടു തന്നെ മദ്യപ സംഘങ്ങൾ ബോധംകെട്ട് കിടക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് സ്റ്റേഡിയം.
മരത്തണലുള്ളതിനാൽ ഇതിന്റെ കീഴിലാണ് കിടന്നുറങ്ങുന്നത്. പകൽ സമയങ്ങളിൽ കായിക പ്രേമികൾ പലവിധങ്ങളായ പരിശീലനത്തിനെത്തുന്നതുകൊണ്ട് പരസ്യമായ മദ്യപാന ശീലമിവിടെ ഇപ്പോൾ കാണാനില്ല.
ലഹരി മാഫിയ
കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നു സംഘങ്ങളിലെ ചെറുപ്പക്കാരുടെ ഇടപാട് സ്ഥലം കൂടിയാണ് മൈതാനത്തിന്റെ പരിസരം.
കായിക മേഖലയിലുള്ളവരും അല്ലാത്തവരുമായ നിരവധി യുവതീ യുവാക്കളാണ് ദിവസവും ഇവിടെയെത്തുന്നത്.
അതുകൊണ്ട് ലഹരി ഇടപാടിനു വന്നാലും മറ്റാരും സംശയിക്കാത്ത ഇടംകൂടിയാകുന്നു ഇവിടം.
കഞ്ചാവ് പൊതികൾ കൈമാറാനും പണമിടപാട് നടത്താനും ഗ്രൗണ്ടിന്റെ പുറത്തും അകത്തുമുള്ള ഒറ്റപ്പെട്ട ഇടങ്ങൾ തെരഞ്ഞെടുക്കുകയാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലഹരി വസ്തുക്കൾ ഇന്നു നഗരത്തിൽ സുലഭമാകുന്നതിനുള്ള വേദി കൂടിയായി മാറുകയാണ് നാഗന്പടം സ്റ്റേഡിയം.
കോളജ്, ട്യൂട്ടോറിയൽ വിദ്യാർഥികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ ഇടങ്ങളിൽ നിന്നുമുള്ള കമിതാക്കളാണ് നാഗന്പടം സ്റ്റേഡിയം അന്വേഷിച്ച് വരുന്ന മറ്റൊരു സംഘം.
ബൈക്കിൽ എത്തുന്ന ജോഡികൾ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇടങ്ങൾ തെരഞ്ഞെടുക്കുന്നു. മറ്റാരുടേയും നോട്ടം വീഴാത്ത ഇടങ്ങളാണ് ഇവരുടെ തന്പ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ക്ലാസ് കട്ട് ചെയ്തെത്തുന്ന 15 നും 21 നും ഇടയിലുള്ള പെണ്കുട്ടികളാണ് യുവാക്കൾക്കൊപ്പം പതിവായി ഇവിടെത്തുന്നത്.
ചോദിക്കാനും പറയാനും ഇവിടെയാരുമില്ലാത്തത് ഇവർക്ക് സൗകര്യപ്രദമാകുന്നു. മണിക്കൂറുകൾ ചെലഴിക്കാൻ ഗാലറി തന്നെയാണ് തെരഞ്ഞെടുക്കുന്നത്.
പ്രഖ്യാപനം മാത്രം
സ്റ്റേഡിയം നവീകരണത്തിനു കോടിക്കണക്കിനുരൂപയുടെ പദ്ധതികൾ പലതു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഉള്ള സൗകര്യം പരിപാലിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ്.
ഗ്യാലറിയുടെ സ്ലാബുകൾ മിക്കതും തകർന്ന് അപകടനിലയിലാണ്. ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണ് കോണ്ക്രീറ്റു ഭാഗങ്ങൾ.
പ്രധാന ഗേറ്റ് അടച്ചിട്ടാലും തകർന്ന ഗേറ്റുകൾ ഉള്ള ചെറിയ കവാടത്തിലൂടെ ആർക്കും എപ്പോൾ വേണമെങ്കിലും കയറാം. ഗേറ്റുകളുടെ കന്പി മുറിച്ചു മാറ്റി പ്രവേശനം സുഖമമാക്കിയിട്ടിരിക്കുകയാണ് സാമൂഹിക വിരുദ്ധർ.
നാഗന്പടം നെഹ്റു സ്റ്റേഡിയം കാര്യാവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃകയിൽ നവീകരിക്കുമെന്ന് മുന്പ് നഗരസഭയുടെ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. ഇതുവരെ പഖ്യാപനം അല്ലാതെ മറ്റൊന്നും നടന്നില്ല.