അടൂര്‍: അടൂര്‍ ബൈപാസ് വഴി സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാലു പേര് പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊല്ലം ആയൂര്‍ ഇളമാട്, അമ്പലംമുക്ക് കൃഷ്ണകൃപയില്‍ ശ്രീജ (48), ആക്കാപൊയ്ക ശകുന്തള വിലാസത്തില്‍ ശകുന്തള (53), അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട്ടില്‍ ഇന്ദിര (60) എന്നിവരാണു മരിച്ചത്.
ആയൂരില്‍നിന്നു ഹരിപ്പാട്ടേക്കു പോവുകയായിരുന്നു ഇവർ. ആയൂര്‍ അന്പലംമുക്ക് ഷാനു ഹൗസിൽ അമല്‍ ഷാജിയുടെ വിവാഹത്തലേന്ന് പുടവ നല്കല് ചടങ്ങിനായി വധൂഗൃഹത്തിലേക്കു പോയ ബന്ധുക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് അഞ്ചു കാറുകളിലായാണ് ആയൂരില്നിന്നുള്ള സംഘം യാത്ര തിരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയാണ് അടൂരില്‍ കാര്‍ അപകടത്തില്‍പെട്ടത്.
കെഐപി കനാലില്‍ കുത്തൊഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. മറിഞ്ഞ കാറില്‍നിന്ന് ഒഴുകിപ്പോയ ഇന്ദിരയെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മലമേക്കര ഭാഗത്തുനിന്നു ഫയര്‍ഫോഴ്സ് സംഘം കണ്ടെടുക്കുകയായിരുന്നു.
ഇളമാട് അമ്പലമുക്ക് എ.കെ. ഭവനില്‍ അശ്വതി കൃഷ്ണ (27), മരിച്ച ഇന്ദിരയുടെ മകൾ ബിന്ദു (36), മകന് അലന് (14), ഡ്രൈവര്‍ ആയൂര്‍ ഇടമാട് ഹാപ്പി വില്ലയില്‍ ശരത്ത് (35) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനാലിലെ ഒഴുക്കു കാരണം കാര്‍ റോഡിലെ ഇടുങ്ങിയ പാലത്തിനടിയിലേക്ക് ഒഴുകിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു.
കാര്‍ ഒഴുകി വരുന്നതു കണ്ട് ഓടിക്കൂടിയവര്‍ വടം കെട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് അതിനു തടസമായി.
ഏറെ പണിപ്പെട്ടാണ് നാലുപേരെ രക്ഷിച്ചത്. കുടുങ്ങിക്കിടന്ന മറ്റു രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ഏറെനേരം പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം പൂർത്തീകരിച്ച് കാർ മുകളിലേക്കു കയറ്റിയത്.
അപകടത്തിൽ മരിച്ച മൂവരും ബന്ധുക്കളാണ്.രാജനാണ് മരിച്ച ശകുന്തളയുടെ ഭർത്താവ്. മക്കള്‍: രാഹുല്‍, രാഖി. മരുമകന്: രതീഷ്. ഇന്ദിരയുടെ ഭര്‍ത്താവ് പരേതനായ രാധാകൃഷ്ണന്.
മക്കള്‍: ബിന്ദു, ബൈജു. ശ്രീജയുടെ ഭര്‍ത്താവ് പ്രകാശ്. മക്കള്‍: ചിപ്പി, ശില്‍പ്പ. മരുമകന്: മഹേഷ്.