പാലക്കാട്: കുമ്പാച്ചി മലയിൽ പതിയിരിക്കുന്ന അപകടം ഏറെയാണ്. മലയ്ക്ക് ആയിരം മീറ്റർ ഉയരമുണ്ട്.
ചെങ്കുത്തായ മലനിരകളിലൂടെ നടക്കാൻ കഴിയില്ല. കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ട്.
ബാബു അകപ്പെട്ട സ്ഥലത്തിനു താഴെ വലിയ താഴ്ചയാണ്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ള വനമേഖലയാണ് ഇവിടം.
രക്ഷാപ്രവർത്തകർ കടന്നുപോയതും ആനയുള്ള വനത്തിലൂടെയാണ്. സ്ഥലത്തെത്തിയാൽ മാത്രമേ അപകടസാധ്യതയുടെ വലിപ്പം മനസിലാക്കാൻ കഴിയുകയുള്ളൂവെന്നു മലകയറിയവർ പറഞ്ഞു.
രക്ഷാപ്രവർത്തനം മുന്നേറിയതു ദുഷ്കര സാഹചര്യങ്ങളിലൂടെ
പാലക്കാട്: ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അതീവദുഷ്കരമായ സാഹചര്യങ്ങളാണ് ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കണ്ടതെന്നു രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.
നിവർന്നുനിന്ന് കയറാൻ പോലും പ്രയാസമുള്ള മലയിടുക്കിലൂടെ പകൽ വെളിച്ചത്തിൽ കണ്ടാൽ കയറാൻപോലും മടിക്കും.
ഒരുവിധപ്പെട്ട മനുഷ്യർക്ക് എളുപ്പത്തിൽ കയറിപ്പോകാൻ പറ്റുന്ന മലയല്ലത്. നിവർന്നുനിന്ന് കയറാൻപോലും പാടാണ്,
പലയിടത്തും നാലുകാലിൽ എന്നപോലെ കുനിഞ്ഞു കയറേണ്ടിവരുന്ന ഇടം. ഫയർഫോഴ്സും ഞങ്ങൾ ദുരന്ത നിവാരണ സേന ടീം അംഗങ്ങളും ഒന്നിച്ച് പാതിരായ്ക്കും നാലഞ്ചു മണിക്കൂർ മുകളിലേക്കു കയറി.
രാവിലെ രണ്ടുമൂന്നു മണിക്കൂർ ശ്രമിച്ചു എങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അത്രയും പ്രതിബന്ധങ്ങളുള്ള ഇടമാണ്.
വടമില്ലാതെ നിവർന്നു നിൽക്കാൻപോലും പറ്റാത്ത അത്രയും കുത്തനെയുള്ള പ്രദേശം.
കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യം
പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവിൽ വിജയകരമായ അന്ത്യം.
നേരത്തെയും കേരളത്തിൽ രക്ഷാപ്രവർത്തനത്തിനു സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്കു വേണ്ടി, കേരളത്തിൽ, ഇത്രയും മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യമാണ്.
സംസ്ഥാനത്ത് ഒരാൾക്കുവേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്.
സൈന്യവും എൻഡിആർഎഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കയ്ക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു.
എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽതന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു സാധിച്ചു.
പ്രളയകാലത്താണ് മലയാളി അവസാനമായി സൈന്യത്തിന്റെ രക്ഷാദൗത്യത്തെ കണ്ടത്.
അന്നു പ്രളയജലത്താൽ ഒറ്റപ്പെട്ട വീടുകളിൽനിന്ന് നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഗർഭിണിയെ ഹെലികോപ്റ്ററിൽ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രക്ഷാപ്രവർത്തകരിൽ എവറസ്റ്റ് കീഴടക്കിയവരും
പാലക്കാട്: ബംഗളൂരുവിൽനിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റിൽനിന്നുള്ള ആർമി സംഘവും രക്ഷാപ്രവർത്തനത്തിനായെത്തിയപ്പോൾ എൻഡിആർഎഫിന്റെ ഒരു ബാച്ചും 21 പേരടങ്ങുന്ന സംഘവും പങ്കാളികളായി.
ഇവരോടൊപ്പംതന്നെ ആന്റി ടെററിസ്റ്റ് ടീമും പോലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങൾക്കുവേണ്ടി സർവേയുടെ ഡ്രോണ് സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.
ചെങ്കുത്തായ മലയായതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളെയും ആവശ്യമായിരുന്നു.
അതിനാൽ എവറസ്റ്റ് കീഴടക്കിയ രണ്ടുപേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽനിന്നുള്ള സംഘത്തിൽനിന്നുള്ള രണ്ടുപേരായിരുന്നു ഇവർ.
ഇവരെകൂടാതെ പർവതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ അടക്കമായിരുന്നു സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയത്.
മൂന്നു ഡോക്ടർമാർ ഉൾപ്പെടുന്ന സംഘവും സജ്ജമായിരുന്നു. മുകളിലെത്തിയാലുടൻ ഹെലികോപ്റ്റർവഴി താഴെയെത്തിക്കാൻവേണ്ടിയുള്ള സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു.