ആലപ്പുഴ: വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലിവാങ്ങിയ ആലപ്പുഴ നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.
തിരുവല്ല ചുമാത്ര കമലാ നിവാസിൽ കെ.കെ. ജയരാജാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം.
മുഹമ്മ സ്വദേശിയായ വിനോദിന്റെ ഭാര്യയുടെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് യുവാവ് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നത്.
വീട് അളക്കണമെന്നാവശ്യപ്പെട്ട ജയരാജ്, വീടിന് നാൽപ്പത് സ്ക്വയർ ഫീറ്റ് കൂടുതലാണെന്നും പുതിയ പ്ലാൻ തയാറാക്കുന്നതിന് വലിയ ചെലവ് വരുമെന്നും പറഞ്ഞാണ് ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.
വീട്ടിൽ ചെന്നദിവസം ഓട്ടോറിക്ഷാ കൂലിയായി 200 രൂപയും കൈക്കൂലിയായി 500 രൂപയും വാങ്ങിയിരുന്നു. തുടർന്നും 10,000 രൂപ ആവശ്യപ്പെട്ടെങ്കിലും 2000 രൂപയ്ക്ക് ധാരണയായി.
ഇതിനുശേഷം യുവാവ് വിവരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി വി. ശ്യാംകുമാറിനെ അറിയിച്ചു.
ഇന്നലെ വൈകുന്നേരം നാലിന് നഗരസഭാ ഓഫീസിലെത്തിയ പരാതിക്കാരൻ കൈക്കൂലി തുക നൽകാമെന്ന് അറിയിച്ചതോടെ ജയരാജ് ഓഫീസിനു പുറത്തെത്തി.
പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ജയരാജിനെ പിടികൂടിയത്.
ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി വി. ശ്യാംകുമാർ, ഇൻസ്പെക്ടർമാരായ പ്രശാന്ത്, അശ്വനി, സുനിൽകുമാർ, റെജി, എസ്ഐ മനോജ്കുമാർ, എഎസ്ഐമാരായ ബിജുമോൻ, ജയലാൽ, സിപിഒമാരായ ജോസഫ്, കിഷോർകുമാർ, ഷിജു, ശ്യാംകുമാർ, നീതു മോഹൻ, ബിജു, സമീഷ്, കൃഷ്ണകുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.