തിരുവനന്തപുരം: മുൻപ് അടുത്ത സുഹൃത്തുക്കളും സ്വർണക്കടത്തു കേസിലെ പ്രതികളുമായ എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൊന്പുകോർക്കൽ പുതിയ തലത്തിലേക്ക്.
ശിവശങ്കറിന്‍റെ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം പുറത്തുവന്നതോടെയാണ് നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന ശിവശങ്കറും സ്വപ്നയും തമ്മിൽ ഇടയാൻ ഇടയായത്.
പുസ്തകത്തിൽ സ്വപ്നയെക്കുറിച്ചുള്ള ചില വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നു.
യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി മൂന്നു വർഷത്തെ സൗഹൃദമുണ്ടായിരുന്നെങ്കിലും കുഴപ്പക്കാരിയാണെന്നും കള്ളക്കടത്തുകാരിയാണെന്നും കരുതിയിരുന്നില്ല.
അവർ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നറിഞ്ഞപ്പോൾ അസ്ത്രപ്രജ്ഞനായിപ്പോയെന്നും പുസ്തകത്തിൽ പറയുന്നു.
സ്വപ്നയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പരാമർശങ്ങൾ പുസ്തകത്തിൽ ഉണ്ടെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കിയതോടെ നേരിട്ടു മറുപടിയുമായി സ്വപ്ന രംഗത്തിറങ്ങി.
സ്വർണക്കടത്തു കേസിൽ റിമാൻഡിലായി ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമങ്ങളിൽനിന്ന് അകന്നു നിന്നിരുന്ന സ്വപ്ന ആദ്യമായി മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി.
ഈ അഭിമുഖങ്ങളിൽ തന്നെ തള്ളിപ്പറഞ്ഞ ശിവശങ്കറിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് സ്വപ്ന നടത്തിയത്.
അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും പല കാര്യങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
തന്‍റെ ജോലിക്കായി നല്‍കിയ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ചു ശിവശങ്കറിന് അറിയാമായിരുന്നെന്നും താൻ പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കറിനെക്കുറിച്ച് എഴുതാൻ ഒരു വാല്യം തന്നെ വേണ്ടി വരുമെന്നും സ്വപ്ന തുറന്നടിച്ചിരുന്നു.
പല മാധ്യമങ്ങളിൽ അഭിമുഖം വന്നതിനു പിന്നാലെ സ്വപ്നയ്ക്കെതിരേ നിലനിന്നിരുന്ന പഴയ ഒരു കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാഞ്ച് തിരക്കിട്ടു സമർപ്പിച്ചത് സ്വപ്നയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുകയാണ്.
ശിവശങ്കറിന്‍റെ സ്വാധീനംകൊണ്ട് തന്‍റെ വായടപ്പിക്കാനാണ് തിടുക്കപ്പെട്ടു ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയതെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചു.
എയർ ഇന്ത്യ ജീവനക്കാരനെതിരേ വ്യാജ പീഡനപരാതി വന്നതുമായി ബന്ധപ്പെട്ട കേസിലാണ് സ്വപ്ന സുരേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാനായിരുന്ന ബിനോയി ജേക്കബാണ് ഒന്നാം പ്രതി. കേസിൽ സ്വപ്ന രണ്ടാം പ്രതിയാണ്.
പത്തു പേർക്കെതിരേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരിക്കുന്നത്. സ്വപ്ന എച്ച്ആർ മാനേജർ ആയിരുന്ന കാലത്താണ് വ്യാജപരാതി നൽകിയത്.
പരാതിക്കു പിന്നിൽ സ്വപ്നയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന സിബുവിന്‍റെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2016ലാണ് സിബു പരാതി നൽകിയത്.
എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരികളെ സിബു ലൈംഗികമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തെന്നു കാട്ടി 17 ജീവനക്കാരികളുടെ പേരിൽ പരാതി വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പരാതി എയർ ഇന്ത്യയിലെ ആഭ്യന്തര സമിതി അന്വേഷിച്ചു സിബുവിനെതിരേ നടപടിയെടുത്തിരുന്നു.
എന്നാൽ, ഇതു ജീവനക്കാരികൾ അറിഞ്ഞു നൽകിയ പരാതി അല്ലെന്നും അവരുടെ പേരിൽ വ്യാജ പരാതി ചമയ്ക്കുകയായിരുന്നെന്നുമാണ് കേസ്.
ബിനോയ് ജേക്കബിനു സിബുവിനോടുള്ള വിരോധം തീർക്കാനായിരുന്നു വ്യാജപീഡനപരാതി നൽകിയതെന്നാണ് കണ്ടെത്തൽ,
പരാതി നൽകിയതായി പറഞ്ഞ ജീവനക്കാരികളെ ക്രൈബ്രാഞ്ച് നേരിട്ടു കണ്ടു മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പരാതി വ്യാജമാണെന്നു വ്യക്തമായത്.
ഈ കേസിലെ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചതു ശിവശങ്കറിന്‍റെ സ്വാധീനം മൂലമാകാമെന്നു സ്വപ്ന ആരോപിച്ചിരിക്കുന്നത്.
ഇതോടെ ശിവശങ്കറും സ്വപ്നയും തമ്മിലുടലെടുത്ത പോര് പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
പോരാടാൻ തയാറായി ഇറങ്ങിയതാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ തയാറാണെന്നും സ്വപ്ന സുരേഷ് ഇന്നു മാധ്യമങ്ങളോടു പറഞ്ഞു.