സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പൊലീസ്.
സംഭവത്തില്‍ നാദാപുരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ മുഹമ്മദലിയാണ് പിടിയിലായത്.
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അമീനെതിരെയും കേസെടുത്തിട്ടുണ്ട്.ഇയാളെ പിടികൂടാനായിട്ടില്ല.
പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാക്കളെ വേങ്ങരയില്‍ ഇറക്കി വിടുകയായിരുന്നു.
കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കാട്ടില്‍ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ്, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് വേങ്ങര സ്വദേശി അമീനും സംഘവും തട്ടിക്കൊണ്ട് പോയത്.
ദുബായിലായിരുന്ന മുഹമ്മദ് ഷഫീഖിന്റെ കൈവശം 700 ഗ്രാം കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം അമീന് കൊടുത്തയക്കുകയായിരുന്നു.
എന്നാല്‍ ഉടമസ്ഥര്‍ക്ക് നല്‍കാതെ സ്വര്‍ണ്ണം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കല്‍ സംഘത്തിന് കൈമാറി ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങി.
ഇതിനിടെ അമീന് സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി.
റാഷിദിനെ വയനാട്ടില്‍ നിന്നും ഷഫീഖിനെ വടകരയില്‍ നിന്നും തട്ടിക്കൊണ്ട് പോയി മലപ്പുറത്തെ ഒളിത്താവളത്തില്‍ തടവിലാക്കുകയായിരുന്നു.
ഇതിനിടെ ചൊവ്വാഴ്ച്ച വൈകുനേരം ഷഫീഖിന്റെ മാതാവ് സക്കീന മകനെ കാണാനില്ലെന്നും നാദാപുരം സ്വദേശിയായ യുവാവ് കൂട്ടിക്കൊണ്ട് പോയതായും കാണിച്ച് നാദാപുരം പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി പിടിയിലായത്.
കസ്റ്റഡിയിലെടുത്ത മുഹമ്മദലിയെയും കൊണ്ട് മലപ്പുറം വേങ്ങരയിലെത്തി അമീനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും മൊബൈൽ ഫോണുകൾ ഓഫ് ആയതിനാൽ സാധിച്ചില്ല.
തട്ടിക്കൊണ്ടുപോയ യുവാക്കളെ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഇരുവരെയും അമീന്റെ നേതൃത്വത്തിലുള്ള സംഘം വേങ്ങര പോലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ ഇറക്കി കടന്നുകളയുകയായിരുന്നുവെന്ന് ഷഫീഖ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു.