അടൂര്‍: വയോധികയുടെ മാല അപഹരിച്ചശേഷം കടന്നുകളഞ്ഞ കേസില്‍ പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മറ്റ് ആറ് കേസുകള്‍കൂടി.
അടൂരില്‍ അറസ്റ്റിലായ കൊല്ലം പാങ്ങോട് പവിത്രേശ്വരം കരിമ്പിന്‍പുഴ ശ്രീഭവനം ശ്രീജു (32) വില്‍ നിന്നാണ് സമാനമായ നിരവധി കേസുകളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
റോഡിലൂടെ തനിയെ നടന്നുപോകുകയോ, വീട്ടുപരിസരത്ത് ഒറ്റയ്ക്കു കാണപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ പരിചയം നടിച്ച് അടുത്തുകൂടിയശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുന്ന മോഷ്ടാവിന്റെ കുറ്റസമ്മതമൊഴിയിലാണ് പല കേസുകള്‍ക്കും തുമ്പുണ്ടായത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകള്‍ ഉണ്ടെങ്കിലും ഇയാള്‍ ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്.
അടൂരില്‍ എണ്പത്തൊന്നുകാരിയുടെ മാല കവര്‍ന്ന കേസിലാണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും ശ്രമകരമായ അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ശ്രീജു പിടിയിലാകു ന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു.
പ്രതിയെ പിടികൂടിയതിനു ശേഷം ഇയാളുടെ വീട്ടില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ചു പാവനോളം സ്വര്‍ണവും 6500 രൂപയും പിടിച്ചെടുത്തിരുന്നു.
അടൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസമായി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ കുറ്റകൃത്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ആറു കേസുകള്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ നാലെണ്ണം ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളിലും ഓരോന്നുവീതം അടൂര്‍, കുണ്ടറ സ്റ്റേഷനുകളുടെ പരിധിയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2021 ഓഗസ്റ്റില്‍ ഏനാത്ത് നിലക്കല്‍ തൂവയൂര്‍ റോഡില്‍ ഒറ്റയ്ക്കു നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച്, ഇയാള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയശേഷം അവരുടെ 4500 രൂപ അടങ്ങിയ പേഴ്സ് കവര്‍ന്ന സംഭവമാണ്.
കടമ്പനാട് തൂവയൂര്‍ കനാല്‍ റോഡില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍, കനാലിനോടു ചേര്‍ന്നുള്ള വീട്ടില്‍ മുറ്റമടിച്ചുകൊണ്ടുനിന്ന സ്ത്രീയെ പരിചയം നടിച്ച് അവരുടെ സ്വര്‍ണമാല കവര്‍ന്നതിന് രജിസ്റ്റര്‍ ചെയ്തതാണ് മറ്റൊരു കേസ്.
2021 നവംബര്‍ ആദ്യ ആഴ്ചയില്‍ കുണ്ടറ കന്നിമുക്ക് മുളവന റോഡില്‍ നടന്നുപോയ സ്ത്രീയുടെ സ്വര്‍ണമാല സമാനരീതിയില്‍ മോഷ്ടിച്ച കേസിലും ശ്രീജുവാണ് പ്രതിയെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ഏനാത്ത് മാഞ്ഞാലി നിലമേല്‍ റോഡിലൂടെ നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി രണ്ട് സ്വര്‍ണവളയും സ്വര്‍ണമാലയും,
പണമടങ്ങിയ പേഴ്സും കവര്‍ന്ന ഒരുകേസും ഏനാത്ത് കല്ലുകുഴി നെല്ലിമുകള്‍ റോഡില്‍ ഒറ്റയ്ക്കു നടന്നുപോയ സ്ത്രീയുടെ സ്വര്‍ണ മിന്നും കൊളുത്തുമുള്ള വരവുമാല കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്മോഷ്ടിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഇയാള്‍ തന്നെയാണ് പ്രതി.
അടൂര്‍ മേലൂട് ആലുമ്മൂട് റോഡില്‍ നടന്നുപോയ സ്ത്രീയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ഒരു ജോഡി സ്വര്‍ണക്കമ്മലും 1000 രൂപയടങ്ങിയ പേഴ്സും കവര്‍ന്നതിന് രജിസ്റ്റര്‍ ചെയതതാണ് മറ്റൊരു കേസ്.
കേസുകളുടെ എഫ്ഐആര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തു.
പ്രതി ശ്രീജുവിനെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ കോടതിയില്‍ തിരികെ ഹാജരാക്കി, തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡില്‍ അയച്ചു.