സ്വന്തം ലേഖകന്‍
കോഴിക്കോട്: മഹാമാരി കാലത്തുള്‍പ്പെടെ വ്യാപാരികള്‍ പ്രതിസന്ധി നേരിട്ട കാലത്തെല്ലാം സംഘടനയെയും വ്യാപാരികളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വമായിരുന്നു ടി. നസിറുദ്ദീന്റേത്.
അതുകൊണ്ടു തന്നെയാണ് മുപ്പതിലധികം വര്‍ഷം വ്യാപാരികളുടെ പ്രധാന സംഘടനയുട തലപ്പത്ത് അദ്ദേഹം ശക്തനായി നിലകൊണ്ടത്.
ഒരേ സമയം വ്യാപാരികളെ ഒപ്പം നിര്‍ത്താനും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടി എടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
കോവിഡ് കാലത്തു കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിയപ്പോഴും കോഴിക്കോട് മിഠായിത്തെരുവില്‍ സംസ്ഥാനത്ത് ആദ്യമായി കട തുറക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നായിരുന്നു വ്യാപാരി സമൂഹത്തിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
വ്യാപാരികള്‍ക്കിടയിലെ അച്ചടക്കത്തിനും അദ്ദേഹം ഏറെ പ്രാധാന്യം നല്കി. സമീപകാലത്തായി എടുത്ത നടപടികളും ഭാരവാഹികളുടെ സസ്പെന്‍ഷനും ഇതിന് ഉദാഹരണമാണ്.
പലപ്പോഴും സംഘടനയ്ക്കുള്ളില്‍ പടലപിണക്കങ്ങള്‍ ഉണ്ടായപ്പോഴും നേതൃസ്ഥാനത്തേയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു പേര് വ്യാപാരി സമൂഹത്തിന് ഉണ്ടായിരുന്നില്ല.
കോഴിക്കോട്ടെ വ്യാപാര ഭവന് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ടി. നസിറുദ്ദീനെന്ന് വ്യാപാര സമൂഹം ഒന്നടങ്കം പറയുന്നു.
അവകാശപോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുമ്പോഴും മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികളെ വ്യപാരികളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കോഴിക്കോട് വ്യപാര സിരാകേന്ദ്രമായ മിഠായിത്തെരുവിലേക്ക് വാഹന ഗതാഗതം വിലക്കിയപ്പോഴും വ്യാപാരികള്‍ക്കൊപ്പം നിന്നും കോര്പറേഷന് അധികൃതരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
വാഹന ഗതാഗതം പുനസ്ഥാപിച്ചില്ലെങ്കിലും ഇതുമൂലം കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിച്ചു.
ബ്യൂട്ടി സ്റ്റോഴ്സ് ഉടമയില്‍ നിന്നും വ്യപാര സമൂഹത്തിന്റെ തലപ്പത്തേക്ക്…
കോഴിക്കോട്: പത്ത് ലക്ഷത്തോളം വരുന്ന വ്യാപാരികളെ ഒരുമിപ്പിച്ച് നിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യം നാളിതുവരെ നിര്‍വഹിച്ചുകൊണ്ടാണ് ടി.നസിറുദ്ദീന്‍ വിട വാങ്ങുന്നത്.
അസംഘടിതരായ വ്യാപാരികളെ ഒന്നിച്ചുചേര്‍ക്കാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും പഠിപ്പിച്ച നേതാവായിരുന്നു നസിറുദ്ദീന്‍.
കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയില്‍നിന്ന് കേരളത്തിലെ പ്രമുഖ കച്ചവടക്കാരുടെ സംഘടനയുടെ തലപ്പത്തെത്തുമ്പോള്‍ അത് കേരളത്തിലെ വ്യാപാര സംഘടനയുടെ ചരിത്രം കൂടിയാണ്.
1984 മുതല്‍ ഏകോപന സമിതിയുടെ ഭാരവാഹിയായി നസിറുദ്ദീനുണ്ട്.വ്യാപാരികളുടെ ആവശ്യവുമായി ഭരണകേന്ദ്രങ്ങളോട് ഏറ്റുമുട്ടാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല.
കക്ഷിരാഷ്ട്രീയത്തിനപ്പുറം സ്വതന്ത്രമായി വ്യാപാരികളെ സംഘടിപ്പിച്ച്, എണ്‍പതുകളിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി രൂപീകരിക്കുന്നത്.
അന്ത്യംവരെ നേതൃത്വത്തില്‍ തുടര്‍ന്നു. സംഘടനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോഴും വിള്ളലുണ്ടായപ്പോഴും ഏകോപന സമിതിയില്‍ ഉറച്ചുനിന്നു. 1
945 ഡിസംബര്‍ 25ന് ജനിച്ച നസിറുദ്ദീന്‍ 1980-ലാണ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയാവുന്നത്. ഇതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായത്.
1984ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1991 മുതല്‍ സംസ്ഥാന പ്രസിഡന്റുമായി. വ്യാപാര സ്ഥാപനങ്ങളിലെ അമിത വൈദ്യുതിനിരക്ക്, വാടകപ്രശ്നം തുടങ്ങി കച്ചവടക്കാരുടെ എല്ലാ പ്രശ്നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനും പരിഹരിക്കാനും നേതൃപരമായ പങ്കുവഹിച്ചു.
ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പിന്തുണയില്ലാതെ 10 ലക്ഷം അംഗങ്ങളും 4000 യൂണിറ്റുകളും എല്ലാ പ്രധാന കേന്ദ്രങ്ങളിലുമായി 1400 വ്യാപാരഭവനുകളും തുടങ്ങി.