കോട്ടയം: സിഎംസ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുള്ള റോഡിൽ മാലിന്യനിക്ഷേപം. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും റോഡിന്റെ ഇരുവശത്തും കുന്നുകൂടി കിടക്കുകയാണ്.
ദുർഗന്ധം മൂലം ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. നേരത്തെ സിഎംഎസ് സ്കൂളിനു സമീപത്തായിരുന്നു മാലിന്യനിക്ഷേപം.
നാട്ടുകാർ സംഘടിച്ച് എതിർത്തതോടെ നിക്ഷേപകർ ഇപ്പോൾ കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെമിത്തേരി മതിലിനോടു ചേർന്നായി മാലിന്യം തള്ളൽ. രാത്രി കാലത്താണു മാലിന്യം തള്ളുന്നത്.
പ്രദേശത്തേയും സമീപത്തുള്ളതുമായി ഫ്ളാറ്റുകളിലെ ആളുകൾ വാഹനങ്ങളിലെത്തിയാണു മാലിന്യം തള്ളുന്നതെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി.
മാലിന്യത്തിനൊപ്പം വീട്ടിലെ ഉപയോഗ ശൂന്യമായ ചൂലും പാത്രങ്ങളും കടലാസുകളും ഒക്കെ ഇവിടെ തള്ളുന്നുണ്ട്. നേരത്തെ ഇവിടെ മാലിന്യം തള്ളുന്നത് നഗരസഭയും പോലീസും ഇടപെട്ടാണ് അവസാനിപ്പിച്ചത്.
പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കാമറകൾ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.