കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തരായിരുന്ന മട്ടന്നൂരിലെ ശുഹൈബിന്റെയും കല്യോട്ടെ ശരത് ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കാൻ കാഞ്ഞങ്ങാട് വച്ച് ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
നാളെ ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂണിറ്റ്,മണ്ഡലം തലങ്ങളിലും,ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുവച്ച് പുഷ്പാർച്ചയും അനുസ്മരണവും നടത്താൻ തീരുമാനിച്ചു.
കല്ല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷ്-ശരത് ലാൽ മൂന്നാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 16 ന് ജില്ലയിൽ 57 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കിരാത ഭരണത്തിനെതിരെ സമരം നയിക്കുന്നതിനിടയിൽ കാസർഗോഡ് മല്ലികാർജുന ക്ഷേത്രത്തിനു മുന്നിൽ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ ശാന്താറാം ഷേണായിയുടെയും സുധാകർ അഗ്ഗിത്തായിയുടെയും സ്മൃതികുടീരത്തിൽ നിന്നും ആരംഭിച്ച് മറ്റു 21 രക്തസാക്ഷികളുടെയും സ്മൃതികുടീരങ്ങളിലൂടെ പുഷ്പാർച്ചന അർപ്പിച്ച് സഞ്ചരിച്ച് ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മൃതി മണ്ഡപത്തിൽ അവസാനിപ്പിക്കുന്ന രക്തസാക്ഷി സ്മൃതി ജ്യോതി പ്രയാണം സംഘടിപ്പിക്കും.
17ന് യൂണിറ്റ് ,മണ്ഡലം തലങ്ങളിൽ പുഷ്പാർച്ചയും അനുസ്മരണവും നടത്താനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് വിജയിപ്പിക്കുവാനും ഫെബ്രുവരി 17 മുതൽ 24 വരെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തദാന വാരാചരണവും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവയവദാന കാമ്പയിനും ഏപ്രിൽ മാസത്തിൽ ശരത് ലാൽ കൃപേഷ് മെമ്മോറിയൽ വോളി നൈറ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രതിഷേധ സമരങ്ങൾ നടത്തിയതിന്റെ പോലീസ് എടുത്ത കേസുകളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് കണ്ടെത്താൻ കെപിസിസിയുടെ 137 ചലഞ്ചിന് ശേഷം ധനസമാഹരണം നടത്താനും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന ഈ മാസം തന്നെ പൂർത്തിയാക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ, സത്യനാഥൻ പത്രവളപ്പിൽ, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം, ഷോണി കെ.തോമസ്, അസംബ്ലി പ്രസിഡന്റുമാരായ സന്തു ടോം ജോസ്, ഇർഷാദ് മഞ്ചേശ്വരം എന്നിവർ പ്രസംഗിച്ചു.