ലക്നോ: ഉത്തർപ്രദേശിൽ രണ്ട് മാസങ്ങള്‍ക്ക് മൂന്‍പ് കാണാതായ ദളിത് യുവതിയുടെ മൃതദേഹ അവശിഷ്ടം സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ഫത്തേ ബഹദൂർ സിംഗിന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
22കാരിയായ യുവതിയെ ഉന്നാവോയിൽ നിന്നാണ് കാണാതായത്. കേസിലെ മുഖ്യപ്രതി ഫത്തേ ബഹാദൂറിന്റെ മകൻ രാജോൾ സിംഗ് ആണെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കൊല നടത്താനുള്ള കാരണം കൃത്യമായി മനസിലാക്കിയിട്ടില്ലെന്നും രാജാ സിംഗിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ഏറെ നാൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം സംസ്കരിച്ച സ്ഥലം പോലീസിന് കണ്ടെത്താനായത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട കൂടൂതൽ പേരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത്തരമൊരു ആരോപണം ഉയരുന്നത് സമാജ്വാദി പാർട്ടിക്ക് ഏറെ ക്ഷീണം ചെയ്യുമെന്നാണ് കരുതുന്നത്.