കേളകം: ചക്ക വളരെ സുലഭമായിരുന്ന മലയോര ഗ്രാമങ്ങളിൽ പോലും ഇന്ന് ഒരു ചക്ക കിട്ടാൻ കൊതിക്കുകയാണ്.
പഴുത്തുവീണ് പറമ്പ് വൃത്തികേടാകാതിരിക്കാൻ ചക്ക ആരെങ്കിലും ഒന്നു കൊണ്ടുപോയ്ത്തരുമോ എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദുഃഖത്തിലാണ്.
പറമ്പുകളിൽനിന്ന് ഒഴിവാക്കാൻ ചക്കയിട്ടു കൊണ്ടുപോകുന്നവർക്ക് തേങ്ങ സൗജന്യമായി നൽകുമെന്ന ബോർഡുവരെ സ്ഥാപിച്ച കാലവും ഉണ്ടായിരുന്നു.
കഴിഞ്ഞവർഷത്തെ പോലെ സുലഭമല്ല ഇക്കുറി ചക്ക. ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് കാരണം.
സാധാരണ ഒക്ടോബർ, നവംബർ മാസം മുതലാണ് പ്ലാവ് പൂക്കുന്നത്. എന്നാൽ, ഇത്തവണ ഡിസംബർ പകുതി കഴിഞ്ഞാണ് പൂവിട്ടത്.
പ്ലാവുകളിൽ വൻതോതിൽ കായ്ച്ചുകിടക്കുന്ന ചക്കയുടെ കൂട്ടം ഇപ്പോൾ അപൂർവമായേ കാണാനുള്ളു.
ജനുവരി മാസമാകുമ്പോൾ ആവശ്യത്തിന് ചക്ക ലഭിച്ചിരുന്നിടത്ത് ഫെബ്രുവരിയായിട്ടും ചക്കയില്ല.
നാട്ടിൻപുറങ്ങളിലെങ്ങും പ്ലാവുകൾ വേണ്ടത്ര കായ്ച്ചിട്ടു പോലുമില്ല. ലോക്ഡൗൺ കാലത്താണ് മലയാളിയുടെ ദൈനംദിന ഭക്ഷണക്രമങ്ങളിലേക്ക് ചക്ക തിരികെ എത്തിയതും രാജകീയപദവി അലങ്കരിച്ചതും.
ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, ചക്ക എരിശ്ശേരി, ചക്കത്തോരന്‍, ചക്കക്കുരു, മെഴുക്കുപുരട്ടി തുടങ്ങി ചക്കപ്പായസം വരെയുള്ള വിഭവങ്ങള്‍ക്കാണ് ചക്കക്ഷാമം തിരശീല വീഴ്ത്തിയത്.
ചക്കയുടെ ഔഷധഗുണവും പ്രതിരോധ ശേഷിയും തിരിച്ചറിഞ്ഞതോടെയാണ് ആഗോളതലത്തിൽ ചക്കക്ക് നല്ലകാലമായത്.
ചക്കയിൽനിന്ന് കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിയതും ഡിമാൻഡ് വർധിക്കാൻ കാരണമായി.
കഴിഞ്ഞ വർഷം ഒരു കിലോ ചക്കയ്ക്ക് കർഷകർക്ക് 10 രൂപ കൃഷിയിടങ്ങളിൽ ലഭിച്ചിരുന്നു. ശരാശരി 10 കിലോയിലധികമുള്ള ചക്കയാണ് മലയോര മേഖലയിലധികം ലഭിക്കുന്നത്.
ഒരു ചക്കയ്ക്ക് 250 രൂപ മുതൽ 300 രൂപവരെ വില കർഷകർക്ക് ലഭിച്ചിരുന്നതായി കണ്ണൂരിൽ ഇക്കോ ഷോപ്പ് നടത്തുന്ന കൊട്ടിയൂർ പച്ചക്കറി ക്ലസ്റ്റർ കൺവീനർ സോണി മാത്യു പറഞ്ഞു.
മറ്റ് വിപണികളിൽ ഒരുമാസം മുമ്പുവരെ ചക്കക്ക് 700 രൂപ വരെയായിരുന്നു വില. ചക്ക മുറിച്ച് കഷണങ്ങളാക്കി കച്ചവടം നടത്തുന്നവരുണ്ട്. ഒരുകിലോ ചക്കയ്ക്ക് 40 രൂപ മുതൽ 60രൂപ വരെ നൽകണം.