വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ യുവാവ് സ്വന്തം ദേഹത്തും ബന്ദി യാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ചു.
വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 നായിരുന്നു സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിൽ ഷാജഹാൻ (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപ്പെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം.
മാതാവിനെയും സഹോദരിയേയും വീട്ടിന് പുറത്താക്കി വാതിൽ പൂട്ടിയശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ പൂട്ടുകയായിരുന്നു.
തുടർന്ന് സ്വന്തം ശരീരത്തിലും പെടോൾ ഒഴിച്ചശേഷം ഒരു കൈയിൽ പെട്രോൾ നിറച്ച കന്നാസും തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്.
അയൽവാസികളും ബന്ധുക്കളും ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല.
സംഭവമറിഞ്ഞ് എസ്എച്ച്ഒ സൈജു നാഥിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പോലീസും, അസിസ്റ്റന്റ് സറ്റേഷൻ ഓഫീസർ നസറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും സ്ഥലത്തെത്തി.
സ്റ്റേഷൻ എസ്എച്ച്ഒ സൈജു നാഥിനോട് ഷാജഹാൻ ഒറ്റക്ക് സംസാരിക്കാം എന്ന് സമ്മതിച്ചു.
തുടർന്ന് സിഐ സൈജുനാഥ് ഷാജഹാനെ വീടിന്റെ പിൻവശത്തെ ജനലിനരുകിൽ വരുത്തി സംസാരിച്ച് നിൽക്കുന്നതിനിടയിൽ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന ഫയർഫോഴ്സ് സംഘം ഫയർ എൻജിനിൽ നിന്നും വെള്ളം ഷാജഹാന്റെ ദേഹത്ത് വിഴ്ത്തി.
പെട്രോളും തീപ്പട്ടിയും നനഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോലീസും ഫയർ ഫോഴ്സും, ചേർന്ന് ഷാജഹാനെ കീഴ്പ്പെടുത്തി സഹീറിനെ മോചിപ്പിക്കുകയായിരുന്നു.