തിരുവനന്തപുരം : ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറി(53) നെ ഇരുപതു വർഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം.
2019 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി ട്യൂഷൻ കഴിഞ്ഞു തിരിച്ചു വരുന്പോൾ ഓട്ടോഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനത്തിൽ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിനു ശേഷം ഓടി വീട്ടിലേക്കു പോയി.
സംഭവം പുറത്തു പറയരുതെന്നു പറഞ്ഞു പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകുയം ചെയതിരുന്നു.
സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛൻ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്.
പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ വെളിയിൽ പോകേണ്ടി വന്നപ്പോൾ കുട്ടിയോടു പ്രതിയുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞപ്പോൾ കുട്ടി കരഞ്ഞു.
തുടർന്നു ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
തുടർന്ന് ഫോർട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
പ്രതിയിൽ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരം കുട്ടിക്കു നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.