റെനീഷ് മാത്യു
കണ്ണൂർ:” എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ ഉത്തരവാദിത്തം സാറിനായിരിക്കും…പയ്യന്നൂർ ഡിവൈഎസ്പിക്കു മാതമംഗലത്തെ യുവവ്യാപാരിയും യൂത്ത്ലീഗ് നേതാവുമായ അഫ്സൽ അയച്ച സന്ദേശമാണ്.
ആഗ്രഹം കൊണ്ട് തുടങ്ങിയതാണ് സാറെ…മാതമംഗലത്ത് ഒരു കട..എന്നാൽ, തുറക്കാൻ പേടിയാണ്…ഏത് നിമിഷവും എനിക്കെന്തും സംഭവിക്കാം…കഴിഞ്ഞ ദിവസം ഒരു തരത്തിലാണ് കത്തിയുടെ മുന്നിൽ നിന്നു രക്ഷപ്പെട്ടത്….
നിയമപരിരക്ഷയും തനിക്ക് ലഭിക്കുന്നില്ല.. എന്റെ കടയായ എ.ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് പൂട്ടിയിട്ടിട്ട് ഒരാഴ്ചയായി…ഇനി തുറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…
എന്താണ് ഞാൻ ചെയ്ത തെറ്റ്…. സിഐടിയു എന്ന തൊഴിലാളി സംഘടന സമരം നടത്തുന്ന മാതമംഗലത്തെ എസ്ആർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങി.
ഇതിനിടയിൽ സാധനങ്ങൾ വാങ്ങരുതെന്ന് പറഞ്ഞ് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഇതിനെതിരേ പയ്യന്നൂർ ഡിവൈഎസ്പിക്കും പെരിങ്ങോം പോലീസിനും പരാതി നല്കി.
പരാതി നല്കിയ തന്നെ സിഐടിയു പ്രവർത്തകർ ഒരു ദിവസം പിന്തുടർന്ന് പിടികൂടി ഭീഷണിപ്പെടുത്തി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു പരാതി പിൻവലിപ്പിക്കുകയായിരുന്നുവെന്ന് അഫ്സൽ പറയുന്നു.
ഒരു തവണ സിഐടിയു സമരം നടത്തുന്ന കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്നതിനിടെ തന്നെ ക്രൂരമായി തൊഴിലാളി യൂണിയൻ പ്രവർത്തകർ മർദിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ താൻ സിഐടിയുക്കാരുടെ ശത്രുവായി മാറുകയായിരുന്നു.
മാതമംഗലത്ത് നടക്കുന്നത്മു ഖ്യമന്ത്രി പറഞ്ഞതോ!
കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്പോഴും നോക്കുകൂലി പാടില്ലെന്ന് ഹൈക്കോടതി പറയുന്പോഴും പയ്യന്നൂർ മാതമംഗലത്ത് നടക്കുന്നത് സിഐടിയുവിന്റെ ഭരണമാണ്.
2021 ഓഗസ്റ്റ് 22 നാണ് മാതമംഗത്ത് എസ്ആർ എന്ന സ്ഥാപനം തുടങ്ങുന്നത്. സ്ഥാപനത്തിലേക്ക് ലോഡ് ഇറക്കുന്നതിന് ലേബർ കാർഡുള്ള നാല് തൊഴിലാളികളെ സ്ഥാപനം നിയമിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികളെ നിയമിച്ചത്.
എന്നാൽ, മാതമംഗലത്തെ സിഐടിയുക്കാർ ഈ ഉത്തരവിന് പുല്ലുവിലയാണ് കൽപിച്ചത്. അവർ ഷോപ്പിന്റെ മുൻപിൽ സമരം തുടങ്ങി.
ഷോപ്പിൽ വരുന്നവരെ ചീത്തവിളിച്ച് മടക്കി അയക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് കടയിലെ ജീവനക്കാർ പറയുന്നു. അങ്ങനെ, കടയിലെ സാധനം വാങ്ങാനെത്തിയതാണ് അഫ്സൽ.
ക്രൂരമായി രണ്ട് തവണ മർദ്ദനത്തിരയായിട്ടും അഫ്സലിന്റെ പരാതിയിൽ പെരിങ്ങോം പോലീസ് ചുമത്തിയത് ചെറിയ വകുപ്പുകൾ.
പെങ്ങളെ കോളജിൽ കൊണ്ടു വിടാൻ പോയപ്പോൾ വാഹനവുമായി പിന്തുടർന്ന് വന്ന് ആയുധവുമായെത്തിയ ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചതായും അഫ്സൽ പറയുന്നു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കാവുന്ന പരാതി നല്കിയിട്ടും പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അഫ്സൽ രാഷ്ട്രദീപികയോട് പറഞ്ഞു.