പൂച്ചാക്കൽ: പോലീസ് എന്ന സ്വപ്നം മനസിൽ കൊണ്ടുനടന്ന ലിജിമോൾ ഒടുവിൽ എസ്ഐ ആയി നിയമിതയായി.
പള്ളിപ്പുറം പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യ വനിതാ എസ്ഐ എന്ന ബഹുമതി ലിജിമോൾക്ക് സ്വന്തം.
ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ പടനിലത്ത് തിലകൻ-ലൈല ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകളായ പി.റ്റി. ലിജിമോൾ തന്റെ സ്വപ്ന സാക്ഷാത്കാരം മാതാപിതാക്കൾക്ക് സമർപ്പിക്കുകയാണ്.
കഴിഞ്ഞദിവസം തൃശൂരിലെ പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയാണ് കാക്കിയണിഞ്ഞ് പോലീസ് സേനയുടെ ഭാഗമായത്.
എഴുതിയ പിഎസ്സി പരീക്ഷകളിൽ പലതിലും ലിജിമോൾ വിജയിച്ചിരുന്നു.
റവന്യു ഡിപ്പാർട്ട്മെന്റിൽ ലാസ്റ്റ് ട്രേഡ് ജോലി രാജിവച്ചാണ് പോലീസ് സേനയിൽ അംഗമായത്.
സർക്കാർ ജോലി ചെയ്യുമ്പോഴും പോലീസാകണമെന്ന ജീവിതാഭിലാഷം ചോർന്നുപോകാതെ സൂക്ഷിക്കാൻ പഠനകാര്യത്തിലും മറ്റും പൂർണ പിന്തുണയുമായി ഭർത്താവ് പ്രശാന്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ലിജിമോൾ പറയുന്നു.
പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്കൂളിലും പാണാവള്ളി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നടത്തി തലയോലപ്പറമ്പ് ഡിബി കോളജിൽനിന്നു ബിഎസ്സിയിൽ ഡിപ്ലോമയും പൂർത്തിയാക്കി.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തുറവൂർ വളമംഗലം നോർത്ത് പുതുവൽത്തറ വീട്ടിൽ പി.വി. പ്രശാന്തിനെ വിവാഹം കഴിച്ച് വീട്ടമ്മയായതോടെ പോലീസ് സ്വപ്നം നിറം മങ്ങുമെന്ന് കരുതിയെങ്കിലും പ്രശാന്തിന്റെയും വീട്ടുകാരുടെയും പൂർണ പിന്തുണ ലിജിമോൾക്ക് ലഭിച്ചു.