ബിജു കലയത്തിനാൽ
ചെറുതോണി: വിസ്മയങ്ങളുടെ പറുദീസയായ ഇടുക്കിയെ ലോക വിസ്മയങ്ങളുടെ പട്ടികയിലേക്കുയർത്തിയത് ഇടുക്കി പദ്ധതിയാണ്.
1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി നാടിന് സമർപ്പിച്ചു.
46 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ ഇടുക്കി അണക്കെട്ട് .
ഇടുക്കി ജില്ലയിലെ ഒട്ടുമിക്കപ്രദേശങ്ങളെല്ലാം വിനോദസഞ്ചാരികൾക്ക് പ്രിയമാണ്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ.
ഏകദേശം 25000ത്തിലധികം തൊഴിലാളികൾ രാപകലില്ലാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇന്നുകാണുന്ന ഈ ബൃഹത്തായ അണക്കെട്ടുകൾ.
1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദേശിച്ചത്.
എന്നാൽ, തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന്റെ നിർദേശം തള്ളി. 1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണ് നായാട്ടിന് എത്തിയപ്പോൾ സഹായിയായി കൂടിയ കരുവെള്ളായൻ കൊലുന്പൻ എന്ന ആദിവാസി മൂപ്പൻ കുറവൻ, കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിനെ പരിചയപ്പെടുത്തി.
ഇവിടെ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് ക്രാന്തദർശിയായ ജോണ് മനസിലാക്കി. തുടർന്ന് 1932ൽ തിരുവിതാംകൂർ സർക്കാറിനെ അദ്ദേഹം വിവരം ധരിപ്പിച്ചു.
എൻജിനീയർമാർ 1937ൽ ഇടുക്കിയിലെത്തി പഠനം നടത്തി. 1947ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന ജോസഫ് ജോണ് സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതി നിലയം സ്ഥാപിക്കാൻ തീരുമാനിച്ചു.
1966ൽ പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം ചെയ്തു. 1967ൽ ഇരുരാജ്യവും കരാർ ഒപ്പിട്ടു. ആദ്യം വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിർമിച്ചു.
വ്യത്യസ്തങ്ങളായ മൂന്ന് അണക്കെട്ടാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയിൽ ഇന്നു കാണുന്ന പ്രധാന റോഡുകളുടെയെല്ലാം നിർമാണത്തിനു പിന്നിൽ ഇടുക്കി ഡാം എന്ന സ്വപ്ന പദ്ധതിയുടെ പിന്നാന്പുറ കഥകളുണ്ട്. ഡാം എന്ന സ്വപ്നം സാക്ഷാത്കരിച്ചു.