സ്വന്തം ലേഖകന്‍
കൊച്ചി: കിലോഗ്രാമിനു 45രൂപ നിരക്കില്‍ ആഡംബര ബസുകള്‍ ഇരുമ്പുവിലയ്ക്കു പൊളിച്ചു വില്‍ക്കാനൊരുങ്ങി ബസുടമ.
കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് തന്റെ പത്തു ബസുകളില്‍ മൂന്നെണ്ണം തൂക്കിവില്ക്കാനൊരുങ്ങുന്നത്.
വായ്പാ തിരിച്ചടവു തീര്‍ന്ന രണ്ട് എസി ബസുകള്‍ ഉള്‍പ്പടെയാണു പൊളിച്ചുവിൽക്കുന്നത്.
ഇതു വിറ്റുകിട്ടുന്ന തുകയ്ക്കു മറ്റു ബസുകളുടെ വായ്പ കുറച്ചെങ്കിലും തിരിച്ചടയ്ക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
ഇരുമ്പിനു വരെ കിലോഗ്രാമിനു നൂറുരൂപയ്ക്കടുത്ത് വിലയുള്ളപ്പോള്‍ 45 രൂപയ്ക്കു വാങ്ങാൻ ആളുകള്‍ എത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്കില്‍ ബസുകള്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കുന്ന വിവരമിട്ടത്.
ഫേസ്ബുക്കില്‍ കണ്ട് ആളുകള്‍ വിളിച്ചു തുടങ്ങിയതായി റോയ്സണ്‍ ‘ദീപിക’യോടു പറഞ്ഞു. വായ്പാ കുടിശിക താങ്ങാനാകാതെ കോവിഡ് കാലയളവില്‍ 20 ബസുകളില്‍ പത്തെണ്ണം വിറ്റു.
കോവിഡ് സാഹചര്യത്തില്‍ ഓട്ടവും കൂടിയില്ലാതായതോടെ വായ്പയും നികുതിയും കൃത്യമായി അടയ്ക്കാൻ സാധിക്കുന്നില്ല.
പോലീസും ഫൈനാന്‍സുകാരും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്.
മുന്‍കൂര്‍ നിശ്ചയിച്ച യാത്രകള്‍ ഓടാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും കഴിഞ്ഞയിടെ ഞായറാഴ്ച പുറത്തിറക്കിയെന്ന കാരണത്താല്‍ പിഴയും ഈടാക്കി.
ജനുവരി മുതല്‍ മൂന്നുമാസത്തേക്കുള്ള നികുതി മുന്‍കൂറായി അടച്ചതിനുശേഷമാണ് പിഴയും നൽകേണ്ടി വരുന്നത്.
കോവിഡ് കാലയളവില്‍ പാക്കേജ് ടൂറുകള്‍ ഇല്ലാതായതോടെ ജോലിക്കാരും കഷ്ടത്തിലായി. ഒരുബസില്‍ കുറഞ്ഞത് മൂന്നുപേരെങ്കിലും പ്രത്യക്ഷത്തില്‍ ജോലിക്കാരായുമുണ്ടാകും.
ഓട്ടമില്ലാത്തതിനാല്‍ ഇവരുടെ ശമ്പളവും പ്രശ്നത്തിലാണ്. പരിചയക്കാര് വരെ കണ്ടാല്‍ മാറിപ്പോകുന്ന സ്ഥിതിയാണിപ്പോള്‍.
വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ വാടക നൽകാനാകുന്നില്ല. തന്നേപ്പോലുള്ളവര്‍ ബസ് മുതലാളിമാരല്ല,
ഫൈനാന്‍സുകാരുടെ ബസുകളുടെ നടത്തിപ്പുകാര്‍ മാത്രമാണ്. ഇതുപോലെ തന്നെ ബസുകള്‍ വില്ക്കാന് തയാറായി നിരവധി പേരുണ്ടെന്നാണ് റോയ്സണ്‍ പറയുന്നത്.
ഒരു ബസിന് എട്ടു മുതല്‍ പത്തു വരെ ടണ്‍ ഭാരമുണ്ടാകും. ബസുകള്‍ പൊളിച്ചു വില്ക്കുമ്പോള് ഇരുമ്പും അലൂമിനിയവുമുൾപ്പെടെ നാലരലക്ഷത്തിനു മുകളില്‍ കിട്ടുമെന്നാണ് പ്രതീക്ഷ.