പാരീസ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെയാളെന്ന ബഹുമതി ഫ്രഞ്ച് കന്യാസ്ത്രീ ആന്ദ്രേ റാണ്ടനു സ്വന്തം.
ഫെബ്രുവരി 11ന് സിസ്റ്ററിനു 118 വയസായി. യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ വ്യക്തികൂടിയാണ്.
110 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്ന ജെറന്റോളജി റിസർച്ച് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സിസ്റ്ററിന് അനുമോദനങ്ങൾ നേർന്നു.
1904ൽ ഫ്രാൻസിലെ ഏൽസിൽ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് സിസ്റ്റർ ജനിച്ചത്. 19-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കുട്ടികളെയും പ്രായമായവരെയും പരിചരിക്കാൻ തുടങ്ങി.
വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭയിൽ ചേർന്ന് 40-ാം വയസിൽ കന്യാസ്ത്രീയായി.
ടുളോണിലെ സെന്റ് കാതറീൻ ലബൂരി അഗതിമന്ദിരത്തിലാണ് ഇപ്പോൾ താമസം. കഴിഞ്ഞവർഷം കോവിഡിനെയും അതിജീവിച്ചു.
2019ൽ 115-ാം ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുമോദനസന്ദേശവും കൊന്തയും അയച്ചു നല്കിയിരുന്നു.
എല്ലാ ദിവസവും ജപമാലയ്ക്ക് ഈ കൊന്തയാണ് ഉപയോഗിക്കുന്നത്.
ജനുവരി രണ്ടിന് 118 വയസ് തികഞ്ഞ ജാപ്പനീസ് മുത്തശ്ശി കാനെ തനാക്കയാണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി.