കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ട്രക്കിംഗിനു കരടു മാർഗനിർദേശം തയാറാക്കി വനം വകുപ്പ്. അഞ്ചു പേരിൽ കുറഞ്ഞ സംഘത്തിന് ‘മലകയറാൻ’ അനുമതി നൽകില്ല.
ട്രക്കിംഗ് സംഘത്തിനു വഴികാട്ടാൻ നിയോഗിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരായ ഗൈഡിനും ആവശ്യമായ പരിശീലനം നൽകും.
ട്രക്കിംഗിനിടെ മലന്പുഴ സ്വദേശിയായ ബാബു ചേറാട് കുന്പാച്ചിമലയിൽ കുടുങ്ങിയ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ മലകയറ്റത്തിന് സംസ്ഥാനവ്യാപക മാർഗനിർദേശം തയാറാക്കാനുള്ള നടപടി വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയത്.
നിലവിൽ ട്രക്കിംഗിന് സംസ്ഥാന വനംവകുപ്പിന്റെ ഗൈഡ്ലൈൻ നിലവിൽ ഇല്ല. എന്നാൽ, അഡ്വൈഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളുടെ പരിധിയിൽ മാർഗ നിർദേശങ്ങൾ നിലവിലുണ്ട്.
ഇതിന്റെകൂടി അടിസ്ഥാനത്തിലാണു മലകയറ്റത്തിനു മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നത്.
നിലവിൽ അഗസ്ത്യാർ കൂടവും മൂന്നാറും അടക്കമുള്ള ചില പ്രത്യേക പ്രദേശങ്ങളിലാണ് അനുമതിയുള്ളത്.
മറ്റിടങ്ങളിൽ വനംവകുപ്പിന്റെ ഡിഎഫ്ഒ അനുമതി നൽകുന്ന സംഘത്തിന് മലകയറാം എന്നതാണു വ്യവസ്ഥ. ഒപ്പം ഒരു വാച്ചറെയും നിയോഗിക്കും. ഇവർക്ക് ആവശ്യമായ ഒരു പരിശീലനവും നൽകിയിട്ടില്ല.
മാർഗനിർദേശം പ്രാവർത്തികമാകുന്നതോടെ ട്രക്കിംഗ് കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങളിൽ അടക്കം വ്യക്തത വരുത്തും.
ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ കിറ്റിലുണ്ടാകണം. ഇതു കൂടാതെ എന്തൊക്കെ ഉൾപ്പെടുത്തണം, എത്ര ദിവസത്തേക്കുള്ള സാധനങ്ങൾ കരുതണം.
ഏതൊക്കെ സ്ഥലങ്ങളിൽ ട്രക്കിംഗ് ആകാം, എത്ര അടി ഉയരം വരെ മലകയറാൻ അനുമതി നൽകാം തുടങ്ങിയവയും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തും.
ട്രക്കിംഗിന് എത്തുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടാതെ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകിയാകണം അപേക്ഷിക്കേണ്ടത്.
ഗൈഡായി നിയോഗിക്കപ്പെടുന്ന വനം ജീവനക്കാർക്ക് ട്രക്കിംഗിന് ആവശ്യമായ പരിശീലനവും നൽകും.
വന്യജീവികൾ ഇറങ്ങുന്ന പുതുതായി കണ്ടെത്തിയ പ്രദേശങ്ങളിൽ അടക്കം മലയറ്റത്തിന് അനുമതി നൽകില്ല.
രജിസ്ട്രേഷൻ ഇല്ലാതെ ട്രക്കിംഗ് നടത്താനാവില്ലെന്ന നിലയിൽ ട്രക്കിംഗ് ഗൈഡ്ലൈൻ ഇറക്കാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.
വനംവകുപ്പിന്റെ നിയന്ത്രണമേഖലകളിലധികവും ട്രക്കിംഗിന് അനുമതി നൽകില്ല.
നിരോധിതമേഖലകളിൽ ട്രക്കിംഗ് ഉൾപ്പെടെ സഞ്ചാരങ്ങൾ പാടില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. നിലവിൽ ചില മേഖലകളിലൊഴികെ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
ട്രക്കിംഗിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ള ഇന്ത്യൻ മൗണ്ടനേറിംഗ് അസോസിയേഷൻ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻസ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ അടക്കമുള്ളവർക്കാണ് നിലവിൽ അനുമതിയുള്ളത്.