ന്യൂഡൽഹി: രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികൾക്കെതിരേ കേസെടുത്ത് സിബിഐ.
എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരേയാണ് 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിച്ചതിന് സിബിഐ കേസെടുത്തത്.
എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കന്പനിയുടെ പേരും എഫ്ഐആറിൽ ഉണ്ട്.
ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് എബിജി ഗ്രൂപ്പ് തട്ടിപ്പു നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ സൂററ്റിലും ദഹേജിലും കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും നടത്തുന്ന എബിജി ഷിപ്യാർഡ് എബിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.
എസ്ബിഐയിൽനിന്ന് 2,925 കോടി, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089 കോടി, ഐഡിബിഐ ബാങ്കിൽനിന്ന് 3,634 കോടി, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 1,614 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1,244 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1,228 കോടി രൂപ എന്നിങ്ങനെ ഇവർ തട്ടിച്ചെടുത്തിട്ടുണ്ട്.
വായ്പ എടുത്ത തുക മുഴുവൻ വകമാറ്റി ചെലവഴിക്കുകയായിരുന്നു എന്നാണ് സിബിഐ പറയുന്നത്.
തട്ടിപ്പു സംബന്ധിച്ച് എസ്ബിഐ 2019 നവംബർ എട്ടിനു പരാതി നൽകിയിരുന്നു. കേസിൽ 2020 മാർച്ച് 12ന് സിബിഐ കൂടുതൽ വിശദാംശങ്ങൾ തേടുകയും ചെയ്തു.
28 ബാങ്കുകളിൽ നിന്ന് വായ്പ അനുവദിച്ചതിനു പുറമേ എസ്ബിഐയുടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 2,468.51 കോടി രൂപയും നൽകിയിരുന്നു.
വായ്പ അനുവദിച്ച ആവശ്യത്തിൽനിന്ന് തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.
ബാങ്കുകളുമായുള്ള വിശ്വാസ്യത ലംഘിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തു എന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
എബിജി ഷിപ്യാർഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കപ്പൽ നിർമാതാക്കളാണ് എബിജി ഷിപ്യാർഡ്.
എബിജി ഷിപ്യാർഡ് ലിമിറ്റഡ് 16 വർഷത്തിനിടെ 165 കപ്പലുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 46 എണ്ണം വിദേശരാജ്യങ്ങൾക്കായാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള കന്പനികൾക്കായി ഇവർ ന്യൂസ്പ്രിന്റ് കാരിയേഴ്സ്, സെൽഫ് ഡിസ്ചാർജിംഗ് ആൻഡ് ലോഡിംഗ് സിമന്റ് കാരിയറുകൾ,
ഫ്ളോട്ടിംഗ് ക്രെയിനുകൾ, ഇന്റർസെപ്റ്റർ ബോട്ടുകൾ, ഡൈനാമിക് പൊസിഷനിംഗ് ഡൈവിംഗ് സപ്പോർട്ട് വെസലുകൾ, പുഷർ ടഗ്സ് എന്നിവ നിർമിച്ചു നൽകിയിരുന്നു.
2011ൽ നാവികസേനയ്ക്കുവേണ്ടി കപ്പലുകൾ നിർമിക്കുന്നതിനുള്ള കരാർ നേടിയിരുന്നുവെങ്കിലും സാന്പത്തിക പ്രതിസന്ധി മൂലം പിന്നീട് റദ്ദാക്കി.
സൂററ്റിലെ ഷിപ്പ്യാർഡിൽ 18,000 കേവുഭാരമുള്ള യാനങ്ങളും ദഹേജിലെ യാർഡിൽ 1,20,000 കേവുഭാരമുള്ള യാനങ്ങളും നിർമിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
സെബി മാത്യു